കോഴിക്കോട്: മാസപ്പടിക്കേസിൽ തങ്ങളാരും തെറ്റ് ചെയ്തിട്ടില്ലെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ. ഇഡി ഇപ്പോൾ തയാറാക്കിയ തിരക്കഥ നല്ലതാണെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. പക്ഷെ പേടിച്ചു പോയെന്ന് ആരും കരുതേണ്ട. ഏത് അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു തരത്തിലുള്ള തെറ്റും ഞങ്ങളാരും ചെയ്തിട്ടില്ല. ഏത് അന്വേഷണവും നടക്കട്ടെ. അന്വേഷണത്തെ നിയമപരമായി തന്നെ നേരിടും. ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ ഒരുതരത്തിലും ഭയപ്പെടുന്നില്ല. മനുഷ്യരുടെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും കാലമായി വാർത്തകളായും മറ്റും പൊയ്‌ക്കൊണ്ടിരിക്കുന്നത്. അത് നടക്കട്ടെ… ഏത് തരത്തിലുള്ള അന്വേഷണം നടത്തിയാലും നിരപരാധിത്വം അതുപോലെ നിലകൊള്ളുകതന്നെ ചെയ്യും. അതുകൊണ്ട് നല്ല ആത്മവിശ്വാസമുണ്ട്.’ ഇഡിയുടെ നിർദേശമനുസരിച്ച് കേസെടുക്കണമോയെന്ന കാര്യം യുഡിഎഫ് സർക്കാർ തീരുമാനിക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഇഡി കത്ത് നൽകിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തിയിരുന്നു. ഇതോടെ ഇഡി നടപടിയെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. ഇക്കാര്യത്തിൽ യുഡിഎഫ് സർക്കാർ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് നോക്കി തുടർനടപടികളുമായി സിപിഎം മുന്നോട്ടുപോകുമെന്നാണ് അറിയുന്നത്.






