തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജസത്യവാങ്മൂലം നൽകിയെന്നാരോപിച്ചുള്ള പുനഃപരിശോധനാ ഹർജിയിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും ഒക്ടോബർ 15ന് കോടതിയിൽ ഹാജരാകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീർ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഇരുവർക്കും നോട്ടീസ് അയയ്ക്കും.
കേസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുക. അഭിഭാഷകൻ നെയ്യാറ്റിൻകര പി. നാഗരാജ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് ജില്ലാ ജഡ്ജിയുടെ ഉത്തരവ്.
സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തായിൽനിന്ന് വീണാ വിജയന് ലഭിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തിയ 1.72 കോടി രൂപ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മുഹമ്മദ് റിയാസ് മറച്ചുവെച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. വീണാ വിജയനും ശശിധരൻ കർത്തായും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം നൽകിയ ഹർജി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്ന് വ്യവഹാര കാരണമില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. ഇതിനെതിരെയാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.
ഹർജിയിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് റിയാസിനും വീണാ വിജയനും ഒക്ടോബർ 15ന് ഹാജരാകാൻ കോടതി നിർദേശിച്ചത്.






