കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ആഘോഷമായ ദുർഗാപൂജയ്ക്ക് പുതിയ ചട്ടങ്ങളും നിയന്ത്രണങ്ങളുമായി ബിജെപി സർക്കാർ. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ വർഷങ്ങളായി പിന്തുടർന്നിരുന്ന പല രീതികളിലും മാറ്റം വരുത്തുന്നതാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പ്രഖ്യാപനങ്ങൾ.
ദുർഗാപൂജയുടെ പ്രധാന ദിവസമായ അഷ്ടമിക്ക് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിക്കുമെന്ന് സർക്കാർ അറിയിച്ചു. അഷ്ടമി ദിവസം മദ്യവിൽപ്പനയും മദ്യപാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നാണ് തീരുമാനം. ആഘോഷത്തിന്റെ ഭാഗമായി റോഡുകൾ അടച്ചിടുന്നതിനും നിയന്ത്രണമുണ്ടാകും.
ദേശീയപാതകൾ ദുർഗാപൂജയ്ക്കായി തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊൽക്കത്തയിലെ 14 പ്രധാന റോഡുകൾ പൂജാ ആഘോഷങ്ങൾക്കായി അടച്ചിടുന്നതിനും വിലക്കുണ്ടാകും. പൂജാദിനങ്ങളിലും വിഗ്രഹ നിമജ്ജന ദിവസവും ഡിജെ സംഗീതം അനുവദിക്കില്ല. എല്ലാ പൂജാ കമ്മിറ്റികളും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികാരി ആവശ്യപ്പെട്ടു.
ഇതിനൊപ്പം വലിയ ബജറ്റിൽ സംഘടിപ്പിക്കുന്ന ദുർഗാപൂജകൾക്ക് സർക്കാർ നൽകിവന്നിരുന്ന ധനസഹായവും നിർത്തലാക്കും. കഴിഞ്ഞ വർഷം തൃണമൂൽ സർക്കാർ ഓരോ പൂജാ കമ്മിറ്റിക്കും 1.10 ലക്ഷം രൂപ വീതം ഗ്രാന്റായി നൽകിയിരുന്നു. എന്നാൽ ഒരു മതപരമായ ആഘോഷത്തിന് സർക്കാർ പണം നൽകുന്നത് ശരിയല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
“വലിയ ദുർഗാപൂജകൾക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകില്ല. വലിയ ബജറ്റുള്ള പൂജകൾ സർക്കാർ സഹായം സ്വീകരിക്കരുത്,” എന്നും അധികാരി വ്യക്തമാക്കിയത്. അതേസമയം, സാമ്പത്തിക സഹായമില്ലാതെ പൂജ നടത്താൻ കഴിയാത്ത കമ്മിറ്റികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം അപേക്ഷകൾ സർക്കാർ പരിശോധിച്ച ശേഷമായിരിക്കും സഹായം അനുവദിക്കുക. പൂജാ കമ്മിറ്റികൾക്ക് ചില ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി ചാർജ് ഈടാക്കില്ലെന്നും ഫയർ ലൈസൻസ് സൗജന്യമായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ദുർഗാപൂജയുമായി ബന്ധപ്പെട്ട സർക്കാർ ആഘോഷ പരിപാടിയിലും വലിയ മാറ്റമാണ് ബിജെപി സർക്കാർ കൊണ്ടുവരുന്നത്. തൃണമൂൽ സർക്കാരിന്റെ കാലത്ത് നടത്തിയിരുന്ന പൂജാ കാർണിവലിന് പകരം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മഹാലയ ദിനത്തിൽ നാല് മണിക്കൂർ നീളുന്ന വലിയ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.
ഡ്രോൺ പ്രദർശനങ്ങളും വെടിക്കെട്ടും ഉൾപ്പെടുന്നതായിരിക്കും പരിപാടി. ഇതിന് പുറമെ നഗരത്തിൽ റോഡ്‌ഷോകളും സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിപാടിയിൽ പങ്കെടുക്കുമെന്ന് അധികാരി അറിയിച്ചു. അതേസമയം, മഹാലയ ആഘോഷവുമായി ബന്ധപ്പെട്ട ബിജെപി സർക്കാരിന്റെ പരസ്യം ഇതിനോടകം തന്നെ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. 11 കൈകളുള്ള ദുർഗാദേവിയുടെ രൂപം ഉൾപ്പെടുത്തിയ പരസ്യത്തിനെതിരെ തൃണമൂൽ കോൺഗ്രസ് ശക്തമായ വിമർശനമാണ് ഉയർത്തിയത്. ദേവിയെയും ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യത്തെയും സർക്കാർ ലഘൂകരിക്കുകയാണെന്ന് തൃണമൂൽ ആരോപിച്ചു.
പൂജാ കമ്മിറ്റികളുമായി നടത്തിയ യോഗത്തിന്റെ തുടക്കത്തിൽ തന്നെ ഈ പരസ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി ക്ഷമാപണം നടത്തിയിരുന്നു. പുതിയ നിയന്ത്രണങ്ങളും ആഘോഷരീതികളിലെ മാറ്റങ്ങളും ബംഗാളിന്റെ രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.






