പാലക്കാട്: ചിറയിൻ കീഴിലെ പാർട്ടിയെ നാണക്കേടിലാക്കിയ തമ്മിലടിയിൽ അന്വേഷണ കമ്മീഷന് മുന്നിൽ രമ്യ ഹരിദാസ് നടത്തിയത് ഒന്നാന്തരം ഒളിച്ചുകളി. ഇന്നലെ ഡൽഹിയിൽ ആയിരുന്നുവെന്നാണ് രമ്യ പാർട്ടിയെ അറിയിച്ചിരുന്നത്. എന്നാൽ രമ്യ ഹരിദാസ് ഇന്നലെ പാലക്കാട് ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കുടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്. മാത്രമല്ല അച്ചടക്ക സമിതിക്ക് മുന്നിൽ രമ്യ എത്തിയിരുന്നുമില്ല. രമ്യ ഹരിദാസ് ഡൽഹിയിൽ ആണെന്നായിരുന്നു അന്വേഷണ കമ്മീഷൻ അധ്യക്ഷൻ എം എം ഹസ്സൻ പ്രതികരിച്ചത്. അതിനാൽ ഫോണിലൂടെയായിരുന്നു രമ്യ മൊഴി നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ഡിസിസി അധ്യക്ഷൻ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനായാണ് രമ്യ പാലക്കാട് എത്തിയത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലാണ് എത്തിയത്. രമ്യാ ഹരിദാസിനെതിരെ നടപടി എടുക്കാത്തത്തിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. രമ്യ ഹരിദാസിന്റേത് പക്വതയില്ലാത്ത നിലപാടെന്നാണ് നേതാക്കൾ വിമർശിക്കുന്നത്. രമ്യക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. എന്നാൽ രമ്യയുടെ ഭാഗം കൂടി കേട്ട ശേഷം നടപടിയുണ്ടാകുകയുള്ളു. വിഷയത്തിൽ എംഎൽഎയുടെ ഭാഗം കൂടി കേട്ട ശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കിയാൽ മതിയെന്നാണ് കെപിസിസിയുടെ തീരുമാനം.
അതുപോലെ രമ്യ എന്തിനാണ് സംഭവ ദിവസം രാത്രി സജാദിന്റെ വീട്ടിൽ പോയതെന്നും ഒരു വിഭാഗം ചോദിക്കുന്നു. എന്നിട്ടും രമ്യയെ ഒഴിവാക്കി കെപിസിസി നടപടിയെടുത്തു. അതേസമയം ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പാളയം പ്രദീപിനെയും സജാദിനെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. സംഭവം പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചിറയിൻകീഴിലെ സംഭവത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രണ്ട് വാദങ്ങൾ ഉയർന്നതോടെയായിരുന്നു അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കെപിസിസി ജനറൽ സെക്രട്ടറി സജാദിന്റെ വീട്ടിൽ വെച്ചായിരുന്നു രമ്യ ഹരിദാസ് എംഎൽഎയും മറ്റ് പ്രവർത്തകരും തമ്മിൽ അടിയുണ്ടായത്. പ്രാദേശിക നേതാക്കൾ തന്നെ മർദ്ദിച്ചെന്ന് രമ്യയും, എംഎൽഎ അടിച്ചതായി പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും ആരോപിക്കുകയായിരുന്നു. സംഭവത്തിൽ വിശദീകരണവുമായി രമ്യയും സജിത്തും രംഗത്തെത്തിയിരുന്നു. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായതെന്നായിരുന്നു രമ്യ ഹരിദാസ് പറഞ്ഞത്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ രണ്ട് വിഭാഗങ്ങളായി കോൺഗ്രസ് പ്രവർത്തകർ മത്സരിച്ചു. ഇതിൽ കെപിസിസിയിൽ പരാതി കൊടുത്തിരുന്നുവെന്നും രണ്ട് വിഭാഗങ്ങളോടും താൻ സഹകരിച്ചില്ലെന്നും എംഎൽഎ പറഞ്ഞു.






