ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് ഇറാനിൽ 19കാരികളായ ഇരട്ട സഹോദരിമാർക്ക് കടുത്ത ശിക്ഷ. സഹോദരിമാരിൽ ഒരാളായ താരനെഹ് റഹീമിക്ക് വധശിക്ഷ വിധിച്ചപ്പോൾ സഹോദരി റൊമിന റഹീമിക്ക് 25 വർഷം തടവാണ് കോടതി വിധിച്ചത്. അറസ്റ്റിലാകുമ്പോൾ ഇരുവരും വിദ്യാർഥിനികളായിരുന്നു. പ്രതിഷേധങ്ങളിൽ പങ്കെടുത്തുവെന്നാരോപിച്ചാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
ഇസ്ഫഹാനിലെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുവരെയും വലിച്ചിറക്കി കൊണ്ടുപോയെന്നാണ് കുടുംബം ആരോപിക്കുന്നത്. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അഥവാ ഐആർജിസിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിഞ്ഞതായും കുടുംബം പറയുന്നു.
മക്കളെ എവിടെയാണ് തടവിൽ പാർപ്പിച്ചിരിക്കുന്നതെന്ന് നാല് മാസത്തോളം കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി അമ്മ മർസിയെ നൂർമൊഹമ്മദി ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളിലും വിവിധ ഓഫീസുകളിലും കയറിയിറങ്ങി അന്വേഷണം നടത്തി. ഒടുവിലാണ് മക്കൾ ഇസ്ഫഹാനിലെ ദൗലത്താബാദ് ജയിലിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്.
കഴിഞ്ഞ മേയ് മാസത്തിലാണ് അമ്മയ്ക്ക് മക്കളെ കാണാൻ അനുമതി ലഭിച്ചത്. എന്നാൽ ജയിലിലെത്തിയപ്പോൾ കണ്ട കാഴ്ച താങ്ങാനാകാത്തതായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നെന്നും മുഖം ഗുരുതരമായി വീങ്ങിയിരുന്നതിനാൽ സ്വന്തം മക്കളെ പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നെന്നും അമ്മ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
അമേരിക്കയിലെ യൂട്ടയിൽ താമസിക്കുന്ന ഇവരുടെ ബന്ധു മസൂദ് നൂർമൊഹമ്മദിയുടെ ആരോപണം പ്രകാരം, ഇരുവർക്കും കൈമുട്ടുകൾക്കും വിരലുകളുടെ സന്ധികൾക്കും കാലുകൾക്കും അടിച്ചുതകർത്തിരുന്നു. മുടി വലിച്ചുപറിച്ച നിലയിലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ഒരു സെല്ലിൽ നിന്ന് മറ്റൊരു സെല്ലിലേക്ക് ജയിൽ ജീവനക്കാർ സഹോദരിമാരെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ടുപോയിരുന്നുവെന്നും ഇരുവരെയും ഏകാന്ത തടവിൽ പാർപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
കുതിരകളെ വളർത്തുന്നതിൽ വലിയ താൽപര്യമുണ്ടായിരുന്ന താരനെഹിന് ഭാവിയിൽ സ്വന്തമായി ഒരു കുതിര ഫാം നടത്തണമെന്നായിരുന്നു സ്വപ്നമെന്ന് കുടുംബം പറയുന്നു. എന്നാൽ ഇപ്പോൾ ആ സ്വപ്നം വധശിക്ഷയുടെ ഭീഷണിയിലാണ്. കോടതിയിൽ താൻ പീഡിപ്പിക്കപ്പെട്ടതായും താൻ നൽകിയ കുറ്റസമ്മതം നിർബന്ധിച്ച് നേടിയതാണെന്നും താരനെഹ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. കുറ്റസമ്മതപത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചാൽ സഹോദരി റൊമിനയെ തന്റെ മുന്നിൽവച്ച് ലൈംഗികമായി പീഡിപ്പിക്കുമെന്ന് ജയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.
ഇരുവരുടെയും മൊഴികൾ പീഡനത്തിലൂടെ നേടിയതാണെന്ന് അവരുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിനിടെ ഇരുവരും അക്രമത്തിൽ പങ്കെടുത്തുവെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. ഇതിന് മുമ്പ് ഇരുവരും പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.
ജനുവരി 8, 9 തീയതികളിലാണ് ഇരുവരും ഇസ്ഫഹാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതെന്നാണ് ആരോപണം. അന്ന് ഇറാന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഇരുവരെയും വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. മുഖം മറയ്ക്കുന്നതിനായി തലയിൽ ബാഗുകൾ ധരിപ്പിച്ചാണ് ഉദ്യോഗസ്ഥർ ഇവരെ കൊണ്ടുപോയതെന്നും കുടുംബം ആരോപിച്ചു.
കോടതി വിധി തങ്ങൾക്ക് മനസിലാകുന്നില്ലെന്നും ഇറാനിലെ നിയമനടപടികൾ പോലും കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ബന്ധു മസൂദ് നൂർമൊഹമ്മദി പറഞ്ഞു. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ അഭിഭാഷകർക്ക് സാധാരണയായി 18 ദിവസത്തെ സമയം ലഭിക്കാറുണ്ടെന്നും എന്നാൽ അടുത്തിടെ നടന്ന നിരവധി കേസുകളിൽ ഈ നടപടിക്രമം പാലിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
താരനെഹിന് വിധിച്ച വധശിക്ഷ മറ്റ് പ്രതിഷേധകരെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാമെന്നും കുടുംബം സംശയിക്കുന്നു. പ്രതിഷേധിച്ചാൽ ആരെയും കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കാമെന്ന സന്ദേശമാണ് ഇറാൻ അധികൃതർ നൽകാൻ ശ്രമിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം അമേരിക്ക-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാനിൽ 500ലധികം പേരെ വധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവരിൽ കുറഞ്ഞത് 29 പേർ ജനുവരിയിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും റിപ്പോർട്ടുകളുണ്ട്. വധിക്കപ്പെട്ടവരിൽ കുറഞ്ഞത് 16 സ്ത്രീകളും ഉൾപ്പെടുന്നതായാണ് കണക്കുകൾ.
ഇതിനുപുറമെ നൂറുകണക്കിന് പ്രതിഷേധകർക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ടെന്നും നിരവധി പേർ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി വിചാരണ നേരിടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്ഫഹാനിൽ മാത്രം ഇത്തരത്തിലുള്ള 70ലധികം കേസുകളുണ്ടെന്നാണ് വിവരം. ഇറാനിലെ വധശിക്ഷകളെതിരെ ബ്രിട്ടൻ ഉൾപ്പെടെ 30ലധികം രാജ്യങ്ങൾ കഴിഞ്ഞ മാസം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.






