തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ഇടപെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ടോൾപ്ലാസയിൽ കുടുങ്ങിയ മന്ത്രി കാറിൽനിന്നിറങ്ങി ടോൾബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ഞായറാഴ്ച വൈകീട്ട് 5.45ഓടെയായിരുന്നു സംഭവം.
തൃശൂരിൽനിന്ന് എറണാകുളം ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്നു സുരേഷ് ഗോപി. വിയ്യൂർ സെൻട്രൽ ജയിലിൽ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് പാലിയേക്കരയിൽ ഗതാഗതക്കുരുക്കിൽപ്പെട്ടത്.
ടോൾപ്ലാസയുടെ ഇരുവശങ്ങളിലുമായി രണ്ടുകിലോമീറ്ററിലേറെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. തുടർന്ന് എമർജൻസി ട്രാക്കിൽ കാർ നിർത്തിയ സുരേഷ് ഗോപി പേഴ്സണൽ സ്റ്റാഫിനും ഗൺമാനും ഒപ്പം പുറത്തിറങ്ങി ടോൾബൂത്തുകൾ തുറക്കുകയായിരുന്നു.
ഇരുവശങ്ങളിലുമുള്ള 12 ടോൾബൂത്തുകളും തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ഏകദേശം പത്ത് മിനിറ്റോളം സുരേഷ് ഗോപിയും സംഘവും ഇതിന് നേതൃത്വം നൽകി. ഇതോടെ വാഹനങ്ങളുടെ നീക്കം വേഗത്തിലാക്കാൻ സാധിച്ചു.
കഴിഞ്ഞ ദിവസങ്ങളായി പാലിയേക്കര ടോൾപ്ലാസയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനയാത്രക്കാർ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്. ആമ്പല്ലൂർ മുതൽ തലോർ വരെയുള്ള ദേശീയപാതയിലും പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നുണ്ട്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിൽ ടോൾപ്ലാസ അധികൃതരും പോലീസും വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതിയും യാത്രക്കാർക്കിടയിൽ ശക്തമാണ്. ഇതിനിടെയാണ് ടോൾബൂത്തുകൾ തുറന്ന് സുരേഷ് ഗോപി നേരിട്ട് വാഹനങ്ങൾ കടത്തിവിട്ടത്.






