തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. കേസിലെ പ്രതിയും എം.ബി.ബി.എസ്. വിദ്യാർഥിയുമായ വയനാട് സ്വദേശി ഏബൽ അഗസ്റ്റിന്റെ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാനാണ് അന്വേഷണ സംഘം കാത്തിരിക്കുന്നത്.
സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താൻ പോലീസിന് സാധിക്കാതെ വന്നപ്പോഴാണ് ഒരു വിദ്യാർഥി സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചത്. ഒടുവിൽ നടത്തിയ സമാന്തര അന്വേഷണത്തിലാണ് പ്രതി തങ്ങളുടെ തന്നെ സഹപാഠിയായ ഏബൽ അഗസ്റ്റിനാണെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞത്.
മെഡിക്കൽ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന ചിത്രങ്ങളാണ് പിന്നീട് വിവിധ സൈറ്റുകളിൽ മോർഫ് ചെയ്ത് പ്രചരിച്ചത്. ഇതോടെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലായി. പോലീസിൽ പരാതി നൽകിയിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് വിദ്യാർഥികളിൽ ഒരാൾ റെഡ്ഡിറ്റിൽ അക്കൗണ്ട് ആരംഭിച്ച് അന്വേഷണത്തിനിറങ്ങുകയായിരുന്നു.
നഗ്നചിത്രങ്ങൾ അശ്ലീല കുറിപ്പുകൾക്കൊപ്പം പ്രചരിപ്പിച്ചിരുന്ന അക്കൗണ്ട് കണ്ടെത്തിയ ശേഷം ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുകയും ചെയ്തു. ഇതോടെയാണ് പിന്നിലുള്ള വ്യക്തിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. അക്കൗണ്ടിന് പിന്നിൽ മറ്റാരുമല്ല, തങ്ങളുടെ സുഹൃത്തായ ഏബൽ അഗസ്റ്റിനാണെന്ന് വിദ്യാർഥികൾ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഏബലിനെ അറസ്റ്റ് ചെയ്തു. എന്നാൽ ജാമ്യം ലഭിച്ച് പ്രതി വേഗത്തിൽ പുറത്തിറങ്ങിയതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. അർധരാത്രിയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ വിദ്യാർഥികൾ ഉപരോധിച്ചു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ആവശ്യം.
തുടർന്ന് അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഏബലിനെ വീണ്ടും അറസ്റ്റ് ചെയ്യുകയും പിന്നാലെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ് പ്രതി.
മോർഫിങ്ങിനായി ഏത് സോഫ്റ്റ്വെയറാണ് ഉപയോഗിച്ചതെന്നും ഫോണിലൂടെ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഫോറൻസിക് പരിശോധനയിലൂടെ പോലീസ് പരിശോധിക്കുന്നത്. കേസിൽ ഏബൽ അഗസ്റ്റിന് പുറമെ മറ്റാർക്കും പങ്കില്ലെന്നാണ് നിലവിലെ പോലീസിന്റെ നിഗമനം.
വിദ്യാർഥികൾ തന്നെ നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്ന നിർണായക വിവരങ്ങളാണ് കേസിൽ വഴിത്തിരിവായത്.






