വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഇറാന്റെ സായുധസേനയായ ഐ.ആർ.ജി.സിയുടെ നിയന്ത്രണത്തിലുള്ള എം/ടി ഡൗണി, എം/ടി സ്റ്റാർക് 1 എന്നീ എണ്ണക്കപ്പലുകൾക്കു നേരെയും ചരക്കില്ലാതിരുന്ന മറ്റൊരു കപ്പലിനുമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. നേരത്തെ യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ഐ.ആർ.ജി.സി മിസൈൽ ആക്രമണം നടത്തിയതിന് മറുപടിയായാണ് നടപടിയെന്നും അമേരിക്ക വ്യക്തമാക്കി.
ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഖാർഗ് ദ്വീപിന് സമീപത്തുവെച്ചാണ് എം/ടി ഡൗണി ആക്രമിക്കപ്പെട്ടത്. ജാസ്കിന് സമീപത്തുവെച്ചായിരുന്നു എം/ടി സ്റ്റാർക് 1-ന് നേരേയുള്ള ആക്രമണം. ചരക്കുകളൊന്നുമില്ലാതിരുന്ന മൂന്നാമത്തെ കപ്പലിന് ഒമാൻ ഉൾക്കടലിൽവെച്ചാണ് ആക്രമണമുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. സ്വയം പ്രതിരോധിക്കുന്നതിൽ യുഎസ് സൈന്യം മടിക്കില്ലെന്നും ആവശ്യമായിവന്നാൽ ഇറാന്റെ എണ്ണക്കപ്പൽ വ്യൂഹം മുഴുവൻ തകർക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.
‘ഐ.ആർ.ജി.സിക്കുള്ള സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ രണ്ട് കപ്പലുകൾക്ക് നേരെ വെടിയുതിർത്താൽ നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർക്കും. അതുവഴി നിങ്ങൾക്ക് കൂടുതൽ വലിയ സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരും’ എന്നായിരുന്നു ബ്രാഡ് കൂപ്പറിന്റെ മുന്നറിയിപ്പ്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് എണ്ണക്കപ്പലുകൾക്കെതിരായ പുതിയ ആക്രമണം. കടൽമാർഗമുള്ള എണ്ണവ്യാപാരത്തിലും ആഗോള ഊർജവിപണിയിലും സംഭവവികാസങ്ങൾ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്.






