തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാവും രംഗത്ത്. തന്റെ വീട്ടിലെത്തി മകളെ കൊണ്ടു നിർബന്ധിച്ച് വാട്സാപ്പ് സന്ദേശം വായിപ്പിക്കാൻ എംഎൽഎയും അവർക്കൊപ്പമുള്ള പാളയം പ്രദീപും ശ്രമിച്ചതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് പ്രാദേശിക നേതാവ് സജാദ് പറഞ്ഞു.
അതേസമയം എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. എന്നാൽ സജാദ് നൽകിയ പരാതി പ്രകാരം ഇതുവരെ കേസെടുത്തിട്ടില്ല. കോൺഗ്രസ് പ്രാദേശിക നേതാവ് സജാദിന്റെ വീട്ടിലാണ് ഇന്നലെ രാത്രി നാടകീയ സംഭവം അരങ്ങേറിയത്.
രമ്യ ഹരിദാസിന്റെ വാക്കുകൾ പ്രകാരം സജാദ് വിളിച്ചതു പ്രകാരമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സജാദുമായി അയാളുടെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അഞ്ചെട്ടു പേർ കയറിവന്ന് പ്രശ്നമുണ്ടാക്കുകയായിരുന്നു. കയറി വന്നപ്പോൾ തന്നെ മോശമായാണ് അവർ സംസാരിച്ചതെന്നും രമ്യ പറഞ്ഞു. വളരെ മോശമായാണ് അവർ സംസാരിച്ചത്. വന്നതുപോലെ തിരിച്ചു പോകാൻ കാലുണ്ടാകില്ല എന്നു ഭീഷണി മുഴക്കി. സജിത്ത് അങ്ങനെ പെരുമാറുമെന്നു കരുതിയില്ല. സ്ത്രീയെന്ന പരിഗണന പോലും കിട്ടിയില്ല. കൂടാതെ അതീഷ് എന്ന അധ്യാപകനും ഉപദ്രവിച്ചുവെന്ന് രമ്യ പറഞ്ഞു.
അതേസമയം എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തിൽ വിമർശനം ഉയർന്നിരുന്നു. യോഗത്തിൽ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ തന്നെ പിന്നീട് വാട്സാപ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവായ സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചു.
പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ കോളേജ് വിദ്യാർഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് മറുഭാഗത്തിന്റെ ആക്ഷേപം. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവർ സ്ഥലത്തെത്തി. ഇതോടെയാണ് തർക്കം കയ്യാങ്കളിയിലേക്കു നീങ്ങുകയായിരുന്നു
ഇതിനിടെ എംഎൽഎയും സംഘവും വീട്ടിലെത്തിയ ശേഷം മകളെയും ഭാര്യയേയും ഭീഷണിപ്പെടുത്തിയെന്നു സജാദ് പറയുന്നു. ഇതു സംബന്ധിച്ച് സജാദ് പോലീസിൽ പരാതി നൽകി. രമ്യ ഹരിദാസിനെ താൻ വീട്ടിലേക്കു വിളിച്ചിട്ടില്ലെന്നും സജാദ് പറഞ്ഞു. അതേസമയം പാളയം പ്രദീപിനെക്കുറിച്ചു വ്യാപകമായ പരാതി പ്രാദേശിക കോൺഗ്രസിലുണ്ട്. അതേക്കുറിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ ഒരു പോസ്റ്റിട്ടു. തുടർന്ന് രാത്രി 9 മണിയോടെ പാളയം പ്രദീപും എംഎൽഎയും കൂടി വീട്ടിലെത്തി. മകളോടു വാട്സാപ് സന്ദേശം വായിക്കാൻ അവർ നിർബന്ധിച്ചു പറഞ്ഞു. എന്നാൽ വായിക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ മകളോടു പറഞ്ഞു. അതിനിടെയാണ് ജില്ലാ പഞ്ചായത്തംഗം സജിത്തുൾപ്പെടെയുള്ളവർ വീട്ടിലേക്കു വന്നത്.
ഇങ്ങനെയൊക്കെ ചെയ്യാൻ എന്ത് അധികാരമാണ് പാളയം പ്രദീപിനുള്ളതെന്ന് സജിത്ത് എംഎൽഎയോടു ചോദിച്ചു. ഇതോടെ നീ ആരാണെന്നു ചോദിച്ച് കയർത്തു കൊണ്ട് എംഎൽഎ സജിത്തിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയാണ് ചെയ്തത്. കൂടാതെ വീഡിയോ പകർത്താൻ ശ്രമിച്ച ആളെയും എംഎൽഎ ആക്രമിച്ചുവെന്ന് സജാദ് പറഞ്ഞു. സജാദിന്റെ വീട്ടിലുണ്ടായതു തമ്മിലടി അല്ലെന്നും എംഎൽഎ ഏകപക്ഷീയമായി മർദിക്കുകയായിരുന്നുവെന്നും സജിത്ത് മുട്ടമ്പലം പറഞ്ഞു. സജാദിന്റെ മകളെക്കൊണ്ട് വാട്സാപ് സന്ദേശം നിർബന്ധിച്ചു വായിപ്പിക്കാൻ ശ്രമിച്ചു. ആ കുട്ടി കരഞ്ഞുകൊണ്ടു നിൽക്കുന്നതു കണ്ടപ്പോഴാണ് പ്രതികരിച്ചത്. ഇതോടെ എംഎൽഎ കയർത്തുകൊണ്ടു മർദിക്കുകയായിരുന്നുവെന്നും സജിത്ത് പറയുന്നു.






