ചാരുംമൂട്: കോടികൾ വിലമതിക്കുന്ന ലംബോർഗിനി കാറിന്റെ മാതൃക സ്വന്തമായി നിർമിച്ച് ഓട്ടോമൊബീൽ എൻജിനീയറിങ് വിദ്യാർഥിയുടെ ശ്രദ്ധേയ നേട്ടം. താമരക്കുളം ചത്തിയറ ആതിരയിൽ ആരോമൽ ഉണ്ണി (24) ആണ് കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്ന വാഹന സ്വപ്നത്തിന് യാഥാർഥ്യത്തിന്റെ രൂപം നൽകിയത്.
ഫോർഡ് ഐക്കണിന്റെ 1.3 ലിറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന വാഹനത്തിന്റെ നിർമാണത്തിന് ത്രീഡി പ്രിന്റിങ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളും ആരോമൽ ഉപയോഗിച്ചു. പുതിയ മോൾഡ് തയ്യാറാക്കിയാണ് കാറിന്റെ രൂപകൽപന നടത്തിയത്.
പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ സമയത്ത് സമീപത്തെ കടയിൽ കണ്ട റിമോട്ട് കൺട്രോൾ ലംബോർഗിനി കാറാണ് ആരോമലിൽ ഈ വാഹനത്തോടുള്ള കമ്പത്തിന് തുടക്കമിട്ടത്. അമ്മയ്ക്കൊപ്പം പോയി ആ കാർ വാങ്ങിയതോടെയാണ് ലംബോർഗിനിയോടുള്ള ഇഷ്ടം കടുത്തത്.
ഡ്രൈവറില്ലാതെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ജീപ്പായിരുന്നു ആരോമലിന്റെ ആദ്യ പരീക്ഷണം. പിന്നീട് ഇത് മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന രീതിയിലേക്ക് മാറ്റി. ഈ പരീക്ഷണങ്ങളിൽനിന്ന് ലഭിച്ച അനുഭവമാണ് പിന്നീട് സ്വന്തം ലംബോർഗിനി നിർമിക്കാനുള്ള ആത്മവിശ്വാസം നൽകിയത്.
2021ലാണ് ആരോമൽ ലംബോർഗിനിയുടെ നിർമാണത്തിലേക്ക് കടന്നത്. എൻജിനീയറിങ് പഠനത്തിന് ചേരുന്നതിന് മുൻപ് തന്നെ നിർമാണം ആരംഭിച്ചിരുന്നു. കുടുംബാംഗങ്ങളുടെ പിന്തുണയും ഈ സ്വപ്നത്തിന് കരുത്തായി.
ഫൈബർഗ്ലാസ് ബോഡിയും ലാമിനേറ്റഡ് ഗ്ലാസ് വിൻഡ് സ്ക്രീനും ഉൾപ്പെടെ ഉപയോഗിച്ചാണ് കാർ നിർമിച്ചത്. നാല് വർഷത്തെ പരിശ്രമത്തിനൊടുവിൽ സ്വപ്നവാഹനം പൂർത്തിയായി. ഏകദേശം 13 ലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവായത്.
എന്നാൽ നിരത്തിലിറക്കാൻ നിയമതടസ്സമുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നിയമപ്രകാരം രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ വാഹനം റോഡിൽ ഓടിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആരോമലിന്റെ സ്വപ്നവാഹനം ഇപ്പോൾ വീട്ടുമുറ്റത്താണ് പാർക്ക് ചെയ്തിരിക്കുന്നത്. വീട്ടിലെത്തുന്ന സന്ദർശകർക്കായി മുറ്റത്ത് വാഹനം ഓടിച്ചുകാണിക്കുകയാണ് ആരോമൽ.
ആരോമലിന്റെ ലംബോർഗിനി കാണാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. വാഹനം പരിശോധിക്കുകയും ഓടിച്ചുനോക്കുകയും ചെയ്ത ഉദ്യോഗസ്ഥർ ആരോമലിനെ അഭിനന്ദിച്ചു. എന്നാൽ രജിസ്ട്രേഷൻ ചെയ്യാത്ത വാഹനം നിരത്തിലിറക്കരുതെന്ന നിർദേശവും നൽകിയാണ് എംവിഡി സംഘം മടങ്ങിയത്.






