കൽപ്പറ്റ: ബീവറേജ് ഔട്ട്ലെറ്റുകളുടെ പരിസരത്ത് നിന്ന് ആളുകളെ കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തിലെ രണ്ട് പ്രതികളെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട് കാളിയാർ വീട്ടിൽ സൈദുള്ള (36) എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം പിടികൂടിയത്.
പനമരത്തും പടിഞ്ഞാറത്തറയിലും സമാന രീതിയിൽ ആസൂത്രിതമായി കവർച്ച നടത്തിയ ശേഷമാണ് പ്രതികൾ കർണാടകയിലേക്ക് കടന്നത്. സംഭവങ്ങൾ പ്രദേശത്ത് ഭീതി സൃഷ്ടിച്ചിരുന്നു.
സംഭവങ്ങൾക്ക് പിന്നാലെ പനമരം പോലീസ് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കർണാടകയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചത്.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചാമരാജ് നഗറിൽ നിന്ന് ഇരുവരെയും പിടികൂടിയത്. പ്രതികളെ വയനാട്ടിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മുഹമ്മദ് ബഷീറിനെതിരെ വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്. മാനന്തവാടി, കൽപ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമെ എൻ.ഡി.പി.എസ്, അബ്കാരി കേസുകളും ഇയാൾക്കെതിരെയുണ്ട്. സൈദുള്ളയ്ക്കെതിരെയും കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സമാനമായ മറ്റ് കവർച്ചകളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.






