കാഠ്മണ്ഡു: തുരങ്കത്തിന്റെ ആഴങ്ങളിൽ 10 രാപ്പകലുകൾ മരണവുമായി മല്ലിട്ടു. വെളിച്ചമില്ല, വൈദ്യുതിയില്ല, പുറംലോകവുമായി ബന്ധമില്ല. ഒടുവിൽ രക്ഷാപ്രവർത്തകരെത്തിയപ്പോൾ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രണ്ട് ജീവനുകൾ പുറത്തേക്ക്. നേപ്പാളിൽ മിന്നൽപ്രളയത്തെ തുടർന്ന് തകർന്ന വൈദ്യുതനിലയത്തിന്റെ തുരങ്കത്തിൽ കുടുങ്ങിയ മെക്കാനിക്കൽ എൻജിനിയർ സഞ്ജയ് സാഹയും കബീർ മഹാജനുമാണ് 10 ദിവസത്തിനുശേഷം അത്ഭുതകരമായി രക്ഷപ്പെട്ടത്.
‘നിങ്ങൾക്ക് ലഭിച്ചത് രണ്ടാം ജന്മമാണ്’ എന്നായിരുന്നു തുരങ്കത്തിൽനിന്ന് പുറത്തെടുത്ത ഉടൻ നേപ്പാൾ സൈന്യം സഞ്ജയ് സാഹയോട് പറഞ്ഞത്. ‘ഇത് എന്റെ രണ്ടാമത്തെ ജീവിതമാണ്’ എന്നായിരുന്നു സാഹയുടെ പ്രതികരണം.
ഭോട്ടെ കോശി നദിയിലുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് ത്രിശൂലി വൈദ്യുതനിലയത്തിന്റെ തുരങ്കത്തിലേക്ക് പ്രളയജലവും അവശിഷ്ടങ്ങളും ഇരച്ചുകയറുകയായിരുന്നു. ദുരന്തസമയത്ത് കൺട്രോൾ റൂമിന്റെ ചുമതലയുണ്ടായിരുന്ന സഞ്ജയ് സാഹ ആദ്യം സഹപ്രവർത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് ശ്രമിച്ചത്. 40 മുതൽ 45 വരെ തൊഴിലാളികൾ അന്നവിടെ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
മറ്റുള്ളവരെ രക്ഷിക്കുന്നതിനിടെയാണ് സാഹയും കബീർ മഹാജനും ഉൾപ്പെടെയുള്ളവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. തുരങ്കത്തിന്റെ കവാടത്തിൽനിന്ന് ഏകദേശം 170 മീറ്റർ അകത്തായിരുന്നു സാഹ കുടുങ്ങിയത്. വെളിച്ചമോ വൈദ്യുതിയോ ഇല്ലാത്ത കൊടും ഇരുട്ടിൽ മൂന്നോ നാലോ പേർ മാത്രമാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്.
രക്ഷാപ്രവർത്തകർ എത്തുമെന്ന പ്രതീക്ഷ കൈവിടാതിരിക്കാൻ ‘ഹരേ കൃഷ്ണ’ മഹാമന്ത്രം ജപിച്ചാണ് ആ പത്ത് ദിവസവും കഴിഞ്ഞതെന്ന് സാഹ പറഞ്ഞു. തുരങ്കത്തിനുള്ളിൽ ലഭ്യമായിരുന്ന ഭക്ഷണവും വെള്ളവുമാണ് ജീവൻ നിലനിർത്താൻ സഹായിച്ചത്.
പ്രളയജലത്തിൽനിന്ന് രക്ഷപ്പെടാനായി തൊഴിലാളികൾ തുരങ്കത്തിന്റെ ഉയർന്ന ഭാഗങ്ങളിലേക്ക് ഓടിക്കയറിയിരുന്നു. പിന്നീട് തുരങ്കത്തിന്റെ കവാടം അടഞ്ഞുപോയത് ഇവർക്ക് പുറത്തേക്കുള്ള വഴി തടഞ്ഞെങ്കിലും അതുവഴി ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് മരിക്കുന്നത് ഒഴിവായി.
രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. കാറിന്റെ വലുപ്പമുള്ള പാറക്കല്ലുകൾ വരെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്താണ് സൈന്യം മുന്നേറിയത്. കുടുങ്ങിക്കിടക്കുന്നവർക്ക് വായു ലഭ്യമാക്കാൻ പൈപ്പുകളും സ്ഥാപിച്ചു.
പത്ത് ദിവസത്തെ കഠിനശ്രമത്തിനൊടുവിൽ സഞ്ജയ് സാഹയെയും കബീർ മഹാജനെയും ജീവനോടെ പുറത്തെത്തിച്ചപ്പോൾ ഇരുവരും ചെളിയിലും മണ്ണിലും മൂടിയ നിലയിലായിരുന്നു. തുരങ്കത്തിന് പുറത്തേക്കെത്തിയ സാഹയുടെ മുഖത്ത് ആശ്വാസവും സന്തോഷവും പ്രകടമായിരുന്നു.
രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്താനായത് കൂടുതൽ പേരെ കണ്ടെത്താമെന്ന പ്രതീക്ഷയും രക്ഷാപ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ ഇനിയും 35 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നദീതാഴ്വരയിലെ വിവിധ പദ്ധതികളിലായി ആകെ 150 തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.






