ടെഹ്റാൻ: അമേരിക്കയെ പരിഹസിച്ച് ഇറാൻ. ‘ഹബീബി, അങ്കിൾ സാം, ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിൽ സിയറ ലിയോണിലെ ഇറാൻ എംബസിയാണ് എക്സിൽ പരിഹാസ പോസ്റ്റ് പങ്കുവച്ചത്. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിന് സമീപം മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയും പോസ്റ്റിനൊപ്പമുണ്ട്.
അമേരിക്കയെ മനുഷ്യരൂപത്തിൽ പ്രതിനിധീകരിക്കുന്ന പ്രശസ്ത കാർട്ടൂൺ കഥാപാത്രമാണ് ‘അങ്കിൾ സാം’. ഈ പേരിനെ ഉപയോഗിച്ചാണ് ഇറാൻ അമേരിക്കയെ പരിഹസിച്ചിരിക്കുന്നത്.
യുഎസും ഇറാനും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായതിന് പിന്നാലെയാണ് ഇറാൻ എംബസിയുടെ പരിഹാസ പോസ്റ്റ് പുറത്തുവന്നത്. ഞായറാഴ്ച ഹോർമുസ് കടലിടുക്കിലെ ചെറുദ്വീപായ ലാറക്കിലെ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്കുനേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കപ്പൽപ്പാതയിൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ ലാറക് ദ്വീപ് ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടർന്നായിരുന്നു ആക്രമണമെന്നാണ് യുഎസ് നിലപാട്.
ഇതിന് പിന്നാലെ ജോർദാനിലെ യുഎസിന്റെ രണ്ട് സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാനും മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ വൻ നാശനഷ്ടമുണ്ടാക്കിയെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ എട്ട് ബാലിസ്റ്റിക് മിസൈലുകൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് മൈൻസ്വീപ്പർ ഗെയിമിനെ ഉപയോഗിച്ചുള്ള ഇറാന്റെ പരിഹാസം. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്നുവെന്ന യുഎസ് ആരോപണത്തെ തന്നെ ഗെയിമിലൂടെ പരിഹസിക്കുകയാണ് ഇറാൻ എംബസി ചെയ്തതെന്നാണ് വിലയിരുത്തൽ.






