കാക്കനാട്: പഠിപ്പിക്കുന്ന അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ വിദ്യാർഥി പിടിയിൽ.തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20)യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദൃശ്യങ്ങൾ ടെലഗ്രാം വഴി വിൽപന നടത്തി പണം വാങ്ങിയെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്. ശ്രീഹരിയുടെ ഫോണിൽനിന്നാണ് ഇതിന്റെ തെളിവുകൾ ലഭിച്ചത്.
അതേസമയം കോളേജ് അധികൃതരുടെ പരാതിയിലാണു വിദ്യാർഥിക്കെതിരെ കേസെടുത്തത്. കോളേജിലെ ചടങ്ങുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ എടുക്കാറുണ്ട്. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണു പ്രതി മോർഫ് ചെയ്തു പ്രചരിപ്പിച്ചതെന്നാണു സംശയം. അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പെടെയുള്ള വീഡിയോകളാണു മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളേജിൽ സമരം നടത്തി രംഗത്തെത്തിയിരുന്നു.






