വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിനിടെ അമേരിക്കയുടെ ആയുധശേഖരം കുറയുകയാണെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്ന മാധ്യമങ്ങളെയും വ്യക്തികളെയും സംഘടനകളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച ട്രംപ്, അവരെ “രാജ്യദ്രോഹികളായ ചവറുകൾ” എന്നാണ് വിശേഷിപ്പിച്ചത്.
വ്യാഴാഴ്ച ട്രൂത്ത് പോസ്റ്റുകളിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കയുടെ വെടിക്കോപ്പുകളുടെയും മറ്റ് ആയുധങ്ങളുടെയും ശേഖരം പരിമിതപ്പെടുകയാണെന്ന മുന്നറിയിപ്പുകൾ രാജ്യദ്രോഹപരവും 100 ശതമാനം തെറ്റുമാണെന്ന് ട്രംപ് പറഞ്ഞു.
“ഞാൻ വിജയിക്കുന്നത് കാണുന്നതിനേക്കാൾ, എളുപ്പത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്ന ഒരു യുദ്ധത്തിൽ അമേരിക്ക തോൽക്കുന്നതാണ് അവർ ആഗ്രഹിക്കുന്നത്,” എന്നായിരുന്നു ട്രംപിന്റെ ആരോപണം. തുടർന്നുള്ള പോസ്റ്റിൽ വിമർശകരെ നേരിട്ട് അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ പക്കൽ ഏതാണ്ട് പരിധിയില്ലാത്ത ആയുധശേഖരമുണ്ടെന്നും അവകാശപ്പെട്ടു. ഇറാനിലെ സൈനിക നടപടിയെക്കുറിച്ച് കൃത്യമായി റിപ്പോർട്ട് ചെയ്യാൻ വിസമ്മതിക്കുന്നവരെയാണ് അദ്ദേഹം വീണ്ടും രാജ്യദ്രോഹികളായ ചവറുകൾ എന്ന് വിളിച്ചത്.
ഇറാനെതിരായ നീണ്ടുനിൽക്കുന്ന യുദ്ധം ആരംഭിച്ചതിന് പിന്നാലെ അമേരിക്കയുടെ ആയുധശേഖരത്തിൽ സമ്മർദം വർധിക്കുന്നതായി വിവിധ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്രംപ് ഇത്തരം വിലയിരുത്തലുകൾ ആവർത്തിച്ച് നിഷേധിക്കുകയാണ്. അതേസമയം അമേരിക്ക വെടിക്കോപ്പുകൾ ഇതുവരെ കാണാത്ത തോതിലാണ് ഉൽപാദിപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഭാവിയിൽ ഉണ്ടാകാവുന്ന ഏത് സാഹചര്യത്തെയും നേരിടുന്നതിനായി ആയുധങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആയുധങ്ങൾ മറ്റ് രാജ്യങ്ങൾക്ക് വിൽക്കുന്നതിന് പകരം നിലവിൽ അമേരിക്കയ്ക്കായി തന്നെ ശേഖരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സഖ്യരാജ്യങ്ങളിലേക്കുള്ള ആയുധ വിൽപ്പന ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തെ ആയുധനയങ്ങളെയും ട്രംപ് വിമർശിച്ചു. തന്റെ ഭരണകൂടം ഇറാനെതിരായ യുദ്ധത്തിൽ ഉപയോഗിച്ചതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ബൈഡൻ ഭരണകൂടം യുക്രെയ്‌നിനും നാറ്റോയ്ക്കും സൗജന്യമായി നൽകിയെന്നാണ് ട്രംപിന്റെ ആരോപണം.
യൂറോപ്പ് പണം നൽകേണ്ടിയിരുന്ന ആയുധങ്ങൾ അമേരിക്ക സൗജന്യമായി നൽകിയെന്നും അതിനുള്ള പണം പിന്നീട് ഈടാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അൽപ്പം വൈകിയാണെങ്കിലും ആ പണം ഞങ്ങൾ ആവശ്യപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കയുടെ ആയുധശേഖരവുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണമെത്തിയത്.






