രോഹിണി: നോർത്ത് വെസ്റ്റ് ഡൽഹിയിലെ രോഹിണിയിൽ അമ്മാവനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ബന്ധുവായ പെൺകുട്ടിയും സുഹൃത്തുക്കളും പിടിയിൽ. സിമ്രാൻ തനേജ, സുഹൃത്തുക്കളായ ചിരാഗ്, പരസ് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിയുമാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് രോഹിണി സെക്ടർ 3ൽ താമസിക്കുന്ന രാകേഷ് ഖന്നയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. രാകേഷിന്റെ ഉടമസ്ഥതയിലുള്ള വീട് കഴിഞ്ഞ ദിവസം 75 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു. ഇതു തട്ടിയെടുക്കാൻ രാകേഷിന്റെ സഹോദരിയുടെ മകളും വിദ്യാർഥിയുമായ സിമ്രാൻ തനേജ സുഹൃത്തും ജിം ട്രെയിനറുമായ ഹിമാൻശുവുമായി ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് രോഹിണി ഡിസിപി ശശാങ്ക് ജെയ്സ്വാൾ പറഞ്ഞു. സംഭവം നടന്ന ദിവസം രാകേഷ് ഖന്നയുടെ ഭാര്യയെയും തന്റെ അമ്മയെയും പശ്ചിംവിഹാറിൽ നടക്കുന്ന മേളയ്ക്കു പറഞ്ഞു വിട്ടിട്ടാണ് സിമ്രാനും കൂട്ടുകാരും കവർച്ചയും കൊലപാതകവും നടത്തിയതെന്നാണ് പൊലീസ് പറഞ്ഞത്.
രാകേഷിന്റെ വീട്ടിലെത്തിയ സിമ്രാൻ വാതിലിൽ മുട്ടി. ഖന്ന വാതിൽ തുറന്നതും സിമ്രാനും ഹിമാൻശുവും അകത്തുകയറി. ബലപ്രയോഗത്തിലൂടെ ഖന്നയെ കീഴടക്കിയ ഇവർ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹെൽമറ്റ് ധരിച്ചെത്തിയ സംഘം വീട്ടിൽ സൂക്ഷിച്ചിരുന്ന 72,000 രൂപയും സ്വർണാഭരണങ്ങളും കവർന്നു സ്ഥലം വിട്ടു. സിമ്രാൻ ഉൾപ്പെടെയുള്ളവരെ ഇന്നലെത്തന്നെ പിടികൂടി. ബാക്കിയുള്ളവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.






