തിരുവനന്തപുരം: ചേന്തിയിലെ ശ്രീനാരായണ ജയന്തി പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അവിടെയുള്ള പ്രവർത്തകർ വിളിച്ചറിയിക്കുകയും പിന്നീട് പൊലീസ് റിപ്പോർട്ട് ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപേ പരിപാടിയിൽ പങ്കെടുക്കുന്നത് ഉപേക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ചെമ്പഴന്തിയിലേക്ക് പോകുന്ന വഴിയിൽ നേതാക്കളും പ്രവർത്തകരും നിൽക്കുന്നത് കണ്ടാണ് അവിടെ ഇറങ്ങിയത്. ആരും തന്നെ തടഞ്ഞില്ല. പുഷ്പാർച്ചന നടത്തണമെന്ന് പറഞ്ഞപ്പോഴാണ് വാഹനത്തിൽനിന്ന് ഇറങ്ങിയത്. അപ്പോഴാണ് കുറ്റാരോപിതനായ വ്യക്തി മോശമായി സംസാരിച്ചത്. അവിടെ ഒരു പ്രശ്നം ഉണ്ടാക്കേണ്ടതില്ലെന്ന് കരുതി തിരികെ പോരുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനിലിന്റെ ഭാര്യയും മുൻ കൗൺസിലറുമായിരുന്ന വ്യക്തി മരിച്ചപ്പോഴാണ് വീട്ടിൽ പോയതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം മുഴുവൻ ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെയും സർക്കാരിന്റെയും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പരിപാടികളിൽ വന്ദേമാതരം മുഴുവൻ ആലപിക്കില്ല. അതേസമയം, ഉപരാഷ്ട്രപതിയും ഗവർണറും പങ്കെടുക്കുന്ന പരിപാടികളിൽ അവരുടെ പ്രോട്ടോക്കോൾ അനുസരിച്ചാണ് മുഴുവൻ ആലപിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ പരിപാടികളിലേക്ക് ഉപരാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






