ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ 16 വയസുകാരിയായ 11-ാം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുത്തി. അധ്യാപകൻ വിദ്യാർഥിനിയെ മണിക്കൂറുകളോളം വെയിലത്തു നിർത്തി ശിക്ഷിച്ചതിന് പിന്നാലെയാണ് സംഭവം നടന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു.
ദബുവ- ഘാസിപൂർ റോഡിലുള്ള നവോദയ വിദ്യാ നികേതൻ സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ദബുവ സ്വദേശിനിയായ ജാൻവിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ജാൻവി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബി.കെ. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ക്ലാസ് മുറിയിൽ വിദ്യാർഥികൾ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നുവെന്നാണ് ജാൻവിയുടെ പിതാവ് പ്രമോദ് കുമാറിന്റെ ആരോപണം. സംഭവത്തിൽ ജാൻവിക്ക് പങ്കില്ലായിരുന്നുവെന്ന് മറ്റ് വിദ്യാർഥികൾ പറഞ്ഞതായി പിതാവ് പറയുന്നു. എന്നാൽ അധ്യാപകൻ ജാൻവിയെ ശിക്ഷിക്കുകയും ഏകദേശം നാല് മണിക്കൂറോളം കനത്ത വെയിലത്ത് ക്ലാസ് മുറിക്ക് പുറത്തു നിർത്തുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം.
ശിക്ഷയെ തുടർന്ന് ജാൻവി മാനസികമായി അസ്വസ്ഥയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. എന്നാൽ അധ്യാപകൻ ജാൻവിയെ ശിക്ഷിച്ചെന്ന ആരോപണം സ്കൂൾ പ്രിൻസിപ്പൽ ആർ.കെ. ശർമ നിഷേധിച്ചു. ശൗചാലയത്തിൽ പോകാൻ അനുമതി വാങ്ങി ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോയ ജാൻവി പിന്നീട് സ്കൂളിന്റെ മൂന്നാം നിലയിലേക്ക് പോയെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.
സംഭവമറിഞ്ഞ് ദബുവ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ, ജാൻവിയുടെ കുടുംബാംഗങ്ങൾ എന്നിവരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ജാൻവി മൂന്നാം നിലയിലെത്തിയതും അവിടെ നിന്ന് താഴേക്ക് വീണതും ഉൾപ്പെടെയുള്ള സംഭവങ്ങളുടെ കൃത്യമായ ക്രമം വ്യക്തമാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. അധ്യാപകന്റെ ഭാഗത്ത് നിന്ന് ശിക്ഷ ഉണ്ടായിരുന്നോ, അതാണോ വിദ്യാർഥിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾക്ക് പിന്നിലെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെയാണ് വ്യക്തമാകുകയെന്നും പോലീസ് പറഞ്ഞു.






