കോട്ടയം: പെട്രോൾ പമ്പിൽനിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് ചങ്ങനാശേരി തെങ്ങണത്തെ ആറോളം കുടുംബങ്ങൾ ദുരിതത്തിൽ. വീട്ടാവശ്യങ്ങൾക്കുള്ള വെള്ളം പോലും പണം നൽകി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ. ഓഗസ്റ്റ് ആദ്യവാരം തെങ്ങണത്തെ സുഫാഷ്ന ഫ്യുവൽസ് (ഇന്ത്യൻ ഓയിൽ) പെട്രോൾ പമ്പിൽനിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
കിണറുകളിലും പരിസരത്തെ ഭൂമിയിലും മലിനീകരണമുണ്ടായിട്ട് ഒരുമാസം പിന്നിട്ടിട്ടും ശാസ്ത്രീയമായി പ്രദേശം ശുചീകരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തിയിട്ടും പെട്രോൾ പമ്പിനും ഉടമയ്ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവർ പറയുന്നു.
പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മാടപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മലിനമായ കിണർവെള്ളത്തിൽ കുളിച്ചവർക്ക് ദേഹത്ത് ചൊറിച്ചിലും വെള്ളം കുടിച്ചവർക്ക് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് സീനിയർ എൻവയൺമെന്റൽ എൻജിനീയർ കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറി. പമ്പിലെ സ്റ്റോക്ക് വെരിഫിക്കേഷൻ രേഖകളിൽ വ്യത്യാസമുണ്ടെന്നും ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ സ്റ്റോറേജ് ടാങ്കിൽ വെള്ളം കയറിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പമ്പുടമയിൽനിന്ന് വിശദീകരണം തേടിയതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പമ്പിന്റെ സുരക്ഷ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഓയിൽ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും ഫലം ലഭിച്ചിട്ടില്ല.
ദുരിതത്തിലായ ആറ് കുടുംബങ്ങളും കിണർവെള്ളം പുറത്തേക്ക് ഒഴുക്കി ശുചീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. താത്കാലികമായി ഓരോ കുടുംബത്തിനും 20 ലിറ്റർ വീതം കുടിവെള്ളം ലഭ്യമാക്കുന്നുണ്ട്. എന്നാൽ കുളിക്കാനും അലക്കാനുമുള്ള വെള്ളം സ്വന്തം ചെലവിൽ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണെന്ന് വീട്ടുകാർ പറയുന്നു.
പ്രദേശത്ത് എത്രയും വേഗം ശാസ്ത്രീയമായ രീതിയിൽ ശുചീകരണം നടത്തണമെന്നും പെട്രോൾ പമ്പിലെ ടാങ്കിലും പൈപ്പ്‌ലൈനുകളിലും ചോർച്ചയുണ്ടോയെന്നതടക്കം വിശദമായി പരിശോധിക്കണമെന്നും പ്രദേശവാസിയായ എ. സിറാജുദ്ദീൻ ആവശ്യപ്പെട്ടു.






