മലയാളികൾക്ക് ഏറെ പരിചിതയായ അവതാരകയും നടിയുമായ അശ്വതി ശ്രീകാന്തിന്റെ ഇളയ മകൾ കമലയുടെ അഞ്ചാം പിറന്നാൾ. മകളുടെ പിറന്നാൾ വിശേഷം അശ്വതി ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്.
കമല വലുതായി സ്കൂളിൽ പോയിത്തുടങ്ങിയതിന്റെ അമ്പരപ്പും മകളോടുള്ള സ്നേഹവും പങ്കുവെച്ച അശ്വതി, തങ്ങളുടെ ‘വായാടിക്ക്’ പിറന്നാൾ ആശംസകളും നേർന്നു. ഒരു കുഞ്ഞുമനസിന് കുടുംബത്തിന്റെ ജീവിതത്തിൽ ഇത്രത്തോളം സ്വാധീനം ചെലുത്താനാകുമെന്ന് മനസിലാക്കിത്തന്നതിന് നന്ദിയുണ്ടെന്നും അശ്വതി കുറിച്ചു.
”കമലമ്മൂന് അഞ്ചു വയസ്സായി ! ഇപ്പോഴും എന്നെ കാണുമ്പോൾ പലരും ചോദിക്കും കുഞ്ഞാവ എന്തെടുക്കുന്നു എന്ന്. കുഞ്ഞാവ വലുതായി സ്കൂളിൽ പോയി തുടങ്ങിയല്ലോന്ന് പറയുമ്പോൾ ‘ഇത്ര പെട്ടെന്നോ’ എന്നവരൊക്കെ അമ്പരക്കും. ഇന്നലെ പെറ്റിട്ട കുഞ്ഞ്, ഇന്ന് രാവിലെ സ്കൂൾ ബസിൽ കയറി പോയത് കണ്ട എന്റെ അമ്പരപ്പ് എത്രയാണെന്നോ… ഞങ്ങളുടെ വായാടിക്ക് പിറന്നാൾ ആശംസകൾ. ഒരു കുഞ്ഞുമനസിന് ഞങ്ങളുടെയൊക്കെ ജീവിതത്തിൽ ഇത്രത്തോളം സ്വാധീനം ചെലുത്താനാകും എന്ന് മനസിലാക്കിത്തന്നതിന് നന്ദി”, എന്നാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധിയാളുകളാണ് അശ്വതിയുടെ പോസ്റ്റിനു താഴെ കമലക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. മക്കളായ കമലയുടെയും പത്മയുടെയും വിശേഷങ്ങൾ അശ്വതി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അതേസമയം, മക്കളുടെ സ്വകാര്യവും വൈകാരികവുമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതിനോട് താൻ യോജിക്കുന്നില്ലെന്നും അശ്വതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മൂത്ത മകൾ പത്മയിലൂടെയാണ് ഇക്കാര്യം മനസ്സിലാക്കിയതെന്നും പേരന്റിങ് കോച്ച് കൂടിയായ അശ്വതി പറഞ്ഞിരുന്നു.






