മഹേന്ദ്രഗഢ്: വനിതാ ഗുസ്തി താരങ്ങൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ തന്നെ ഹരിയാനയിൽ ഹീറോയും ലോകത്ത് അമരനുമാക്കിയെന്ന് മുൻ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ഹരിയാനയിലെ മഹേന്ദ്രഗഢിൽ കബഡി താരം സച്ചിൻ തൻവാറിന് രാജസ്ഥാൻ പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) ആയി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഹരിയാനയിൽ നിന്നുള്ള വനിതാ ഗുസ്തി താരങ്ങളോട് തനിക്ക് ദേഷ്യമില്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. അവരുടെ ആരോപണങ്ങൾ തനിക്ക് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തുവെന്നാണ് അദ്ദേഹത്തിന്റെ പരിഹാസരൂപത്തിലുള്ള പരാമർശം. “കൈകേയിക്ക് അപകീർത്തി ലഭിച്ചെങ്കിലും അതിലൂടെ രാജാ റാമിനെ ഭഗവാൻ റാമാക്കി മാറ്റിയതുപോലെ, ഈ ഗുസ്തി താരങ്ങൾക്ക് അപകീർത്തി ലഭിച്ചെങ്കിലും അവർ എന്നെ ലോകമെമ്പാടും അമരനാക്കി. അതുകൊണ്ടാണ് എനിക്ക് അവരോട് ദേഷ്യമില്ലാത്തത്. അവർ എന്നെ ഉത്തർപ്രദേശിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് ഹരിയാനയിലും ഹീറോയാക്കി. ഇപ്പോൾ ആളുകൾ പരിപാടികളിലേക്ക് ക്ഷണിക്കുകയും ആദരിക്കുകയും ചെയ്യുന്നു,” ബ്രിജ് ഭൂഷൺ പറഞ്ഞു.
പിന്നാലെ വനിതാ ഗുസ്തി താരങ്ങളെ പരിഹസിച്ചുകൊണ്ടും അദ്ദേഹം പരാമർശം നടത്തി. ഒരു കാലത്ത് ചില ഗുസ്തി താരങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ ചെലവഴിച്ച് യാത്രയയപ്പ് നൽകിയിരുന്നുവെന്നും ഇപ്പോൾ അവർ എവിടെ പോയാലും ഒരു പൈസയുടെ നാലിലൊന്നിന് പോലും വിലയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
അതേസമയം 2023ലാണ് നിരവധി വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുമായി രംഗത്തെത്തിയത്. രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ ഉൾപ്പെടെ നടത്തിയ മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു. സംഭവത്തിൽ ഈ മാസം ആദ്യം ഡൽഹി കോടതി ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആരോപണമുന്നയിച്ച ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായിരുന്ന കാലയളവിലെ നടപടികളെക്കുറിച്ചും ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ജൂനിയർ ഗുസ്തി താരങ്ങളുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള താരങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി താൻ കൊണ്ടുവന്ന ചില നിയമങ്ങളെ ചില ഗുസ്തി താരങ്ങൾ എതിർത്തിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
വിവാദം അവസാനിപ്പിക്കാൻ ആ തീരുമാനങ്ങൾ പിൻവലിക്കാമായിരുന്നുവെന്നും എന്നാൽ അങ്ങനെ ചെയ്താൽ സ്വാധീനമോ ശക്തരായ ആളുകളുടെ പിന്തുണയോ ഇല്ലാത്ത ഗുസ്തി താരങ്ങൾക്ക് അത് തിരിച്ചടിയാകുമായിരുന്നുവെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. സ്വാധീനമുള്ളവരുടെ പിന്തുണയില്ലാത്ത താരങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് താൻ നിലപാടിൽ ഉറച്ചുനിന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.






