കണ്ണൂർ: തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തളിപ്പറമ്പ് മണ്ഡലത്തിന്റെ ‘ബ്രൂട്ടസ്’ ആണ് ടി.കെ. ഗോവിന്ദനെന്നും പാർട്ടിയെ വഞ്ചിച്ച വർഗവഞ്ചകനാണെന്നും രാഗേഷ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഗോവിന്ദൻ എതിരാളികളുമായി രഹസ്യധാരണയുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടി പല ഭാഗങ്ങളിൽനിന്നും ആക്രമണം നേരിട്ടുകൊണ്ടിരുന്ന സമയത്താണ് കൂടെയിരുന്ന് ടി.കെ. ഗോവിന്ദൻ പാർട്ടിയുടെ നെഞ്ചിൽ കുത്തിയതെന്ന് രാഗേഷ് പറഞ്ഞു. ‘ഈ മണ്ഡലത്തിന്റെ ബ്രൂട്ടസാണ് സാക്ഷാൽ ടി.കെ. ഗോവിന്ദൻ മാഷ്. പാർട്ടിക്കൊപ്പം നിന്ന് അതിന്റെ നെഞ്ചിലേക്ക് കത്തി വെച്ച് കുത്തിയ ബ്രൂട്ടസാണ് നിങ്ങൾ’ എന്നായിരുന്നു രാഗേഷിന്റെ വിമർശനം.
തന്നെ എന്തുകൊണ്ട് സ്ഥാനാർഥിയാക്കിക്കൂടാ എന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഗോവിന്ദൻ ചോദിച്ചിരുന്നുവെന്നും രാഗേഷ് ആരോപിച്ചു. തളിപ്പറമ്പിൽ വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നും തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്നുമായിരുന്നു പാർട്ടിയുടെ നിലപാട്. ഇതുസംബന്ധിച്ച് നടന്ന ചർച്ചയ്ക്കിടെ ഗോവിന്ദൻ തന്റെ പേര് പരിഗണിക്കാത്തതിനെ ചോദ്യം ചെയ്തെന്നും രാഗേഷ് പറഞ്ഞു.
മുതിർന്ന നേതാക്കൾ ആരും തന്നെ ബന്ധപ്പെട്ടില്ലെന്ന ഗോവിന്ദന്റെ വാദവും രാഗേഷ് തള്ളി. ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഗോവിന്ദനുമായി നേരിട്ട് സംസാരിച്ചിരുന്നു. സ്ഥാനാർഥിയെ മാറ്റിയേക്കാമെങ്കിലും ചർച്ചകളിൽ തന്റെ പേര് ഉയർന്നിട്ടില്ലാത്തതിനാൽ തന്നെ പരിഗണിക്കില്ലല്ലോ എന്ന നിലപാടാണ് ഗോവിന്ദൻ നേതാക്കളോട് സ്വീകരിച്ചതെന്നും രാഗേഷ് ആരോപിച്ചു. സ്ഥാനാർഥി മാറിയിരുന്നെങ്കിൽ പോലും ഗോവിന്ദൻ മത്സരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മേഖലയിൽ പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചിരുന്നയാളാണ് ഗോവിന്ദൻ. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ രഹസ്യമായി സംസാരിച്ച് പ്രചാരണം നടത്തിയെന്നും രാഗേഷ് ആരോപിച്ചു.
സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചതായി പാർട്ടിയുടെ ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റി തലങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകനത്തിൽ തുറന്ന് സമ്മതിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ പത്രസമ്മേളനം നടത്തി ‘ഇപ്പോൾ ഞാൻ പറഞ്ഞതല്ലേ ശരി, പാർട്ടി ചെയ്തത് തെറ്റല്ലേ’ എന്ന് ചോദിച്ച് ഗോവിന്ദൻ വീണ്ടും പാർട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്നും കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി.






