മലപ്പുറം: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിപണിമൂല്യം വരുന്ന 12 കിലോ എംഡിഎംഎ പിടികൂടി. സംഭവത്തിൽ ലഹരി സംഘത്തിലെ പ്രധാനികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് മൂന്ന് പേർ കൂടി പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കാറിൽനിന്നാണ് ഇന്നലെ വൻതോതിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പിടിയിലായവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തതിൽ ഏറ്റവും വലിയ എംഡിഎംഎ കേസാണ് മഞ്ചേരിയിലേതെന്ന് പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നോർത്ത് സോൺ ഐജി പുട്ട വിമലാദിത്യ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്.
‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇതുവരെ 10,600 പേരെ അറസ്റ്റ് ചെയ്തതായി ഐജി പുട്ട വിമലാദിത്യ അറിയിച്ചു. പരിശോധനകളിൽ 21 കിലോ എംഡിഎംഎ, 1,100 കിലോ കഞ്ചാവ്, 4.5 കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന്റെ ഭാഗമായി തൃശൂർ റേഞ്ചിൽ മാത്രം ഇതുവരെ 2,417 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡിഐജി ടി. നാരായണൻ പറഞ്ഞു. ലഹരി മാഫിയക്കെതിരായ പരിശോധനകളും കേസുകളുടെ തുടരന്വേഷണവും കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.






