കോഴിക്കോട്: കുറ്റ്യാടിയിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 15-ഓളം തേക്ക് മരങ്ങൾ മുറിച്ചുകടത്തി. മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിലാണ് സംഭവം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള കനാൽ പരിസരത്ത് നട്ടുവളർത്തിയിരുന്ന മരങ്ങളാണ് മോഷണം പോയത്.
20 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയുന്നതിനായി നട്ടുപിടിപ്പിച്ച മരങ്ങളായിരുന്നു ഇവ.
മരങ്ങൾ മുറിച്ചുമാറ്റിയ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജലസേചന വകുപ്പ് അധികൃതർ തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരം മുറിച്ചുകടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
മരങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് കൃത്യമായ റോഡ് സൗകര്യമില്ല. മണ്ണിട്ട റോഡാണ് നിലവിലുള്ളത്. മുണ്ടക്കുറ്റി-പശുക്കടവ് റോഡിൽനിന്ന് ഏകദേശം 50 മീറ്റർ മാറിയാണ് മരം മുറിച്ച സ്ഥലത്തേക്കുള്ള റോഡ്. ഇതുവഴി വാഹനങ്ങൾ എത്തിച്ചാണ് മരങ്ങൾ കടത്തിയതെന്നാണ് സംശയം.






