തായ്വാൻ: ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധം കണ്ടെത്താൻ റോബോട്ട് വാക്വം ക്ലീനർ ഉപയോഗിച്ച ഭർത്താവിന് സിവിൽ കേസിൽ അനുകൂല വിധി ലഭിച്ചെങ്കിലും, സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ചതിന് ഒടുവിൽ തടവുശിക്ഷ. തായ്വാനിലെ പ്രാദേശിക മാധ്യമങ്ങളാണ് കോടതിവിധിയെ ഉദ്ധരിച്ച് സംഭവം റിപ്പോർട്ട് ചെയ്തത്.
2021-ലാണ് ദമ്പതികൾ വിവാഹിതരായത്. ഭർത്താവ് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അവധിക്കാലങ്ങളിലാണ് ഇരുവരും സ്വന്തം അവധിക്കാല വസതിയിലേക്ക് പോയിരുന്നത്.
2023 സെപ്റ്റംബറിൽ അവധിക്കാല വസതിയിൽനിന്ന് ഉപയോഗിച്ച നിലയിലുള്ള ഒരു ടൂത്ത് ബ്രഷ് കണ്ടെത്തിയതോടെയാണ് ഭാര്യയെക്കുറിച്ച് ഭർത്താവിന് സംശയം തോന്നിയത്. തുടർന്ന് പാർക്കിങ് ഗാരേജിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, നേരത്തെ ഭാര്യയെ വീട്ടിൽ കൊണ്ടുവന്നിരുന്ന അപരിചിതനായ ഒരാളെയും ശ്രദ്ധയിൽപ്പെട്ടു.
മൂന്ന് മാസങ്ങൾക്ക് ശേഷം മൊബൈൽ ആപ്പ് ഉപയോഗിച്ച് ഭർത്താവ് വീട്ടിലെ റോബോട്ട് വാക്വം ക്ലീനർ പ്രവർത്തിപ്പിച്ചു. ഉപകരണത്തിൽ സംസാരിക്കാൻ കഴിയുന്ന ശബ്ദസംവിധാനവും ഉണ്ടായിരുന്നു. ഭാര്യയുമായി സംസാരിക്കാനായി ഇത് കണക്റ്റ് ചെയ്തപ്പോഴാണ് വീടിനുള്ളിൽ ഭാര്യ അപരിചിതനായ പുരുഷനൊപ്പം കഴിയുന്നതിന്റെ ദൃശ്യങ്ങൾ ലൈവ് ഫീഡിലൂടെ ഭർത്താവിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ഇയാൾ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ഭാര്യയും കാമുകനും ദാമ്പത്യജീവിതത്തിലെ തന്റെ അവകാശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് സിവിൽ കോടതിയിൽ തെളിവായി സമർപ്പിക്കുകയും ചെയ്തു.
ആദ്യം 20 ലക്ഷം തായ്വാൻ ഡോളർ, ഏകദേശം 60 ലക്ഷം രൂപ, നഷ്ടപരിഹാരമായി ആവശ്യപ്പെട്ടെങ്കിലും കോടതി 5 ലക്ഷം തായ്വാൻ ഡോളർ, ഏകദേശം 15 ലക്ഷം രൂപ, നഷ്ടപരിഹാരം നൽകാൻ ഭാര്യയോടും കാമുകനോടും ഉത്തരവിട്ടു. ഇരുവരും തമ്മിലുള്ള ബന്ധം സാധാരണ സൗഹൃദത്തിനപ്പുറത്താണെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
എന്നാൽ സിവിൽ കേസിൽ വിജയിച്ചെങ്കിലും ഭർത്താവിനെ കാത്തിരുന്നത് മറ്റൊരു നിയമനടപടിയായിരുന്നു. തന്റെ സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ഭാര്യ നൽകിയ പരാതിയിലാണ് ഇയാൾ പ്രതിയായത്.
സിവിൽ കേസിൽ തെളിവായി സമർപ്പിക്കാനാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതെന്നായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ദാമ്പത്യബന്ധത്തിലെ അവകാശങ്ങൾ ഒരാളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന് മുകളിലല്ലെന്ന് കോടതി വ്യക്തമാക്കി. ക്യാമറ നിരീക്ഷണത്തെക്കുറിച്ച് ഭാര്യയ്ക്ക് അറിവുണ്ടായിരുന്നെന്നതിനോ ദൃശ്യങ്ങൾ പകർത്താൻ സമ്മതം നൽകിയിരുന്നെന്നതിനോ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് ഭർത്താവിന് അഞ്ച് മാസം തടവും 1.5 ലക്ഷം തായ്വാൻ ഡോളർ, ഏകദേശം 4.5 ലക്ഷം രൂപ, പിഴയും കോടതി വിധിച്ചു.
തായ്വാൻ നിയമപ്രകാരം ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങളോ സ്വകാര്യ പ്രവർത്തനങ്ങളോ രഹസ്യമായി ചിത്രീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവും 3 ലക്ഷം തായ്വാൻ ഡോളർ വരെ പിഴയും ലഭിക്കാം.






