റായ്പുർ: ‘മഹാദേവനെ വിളിച്ച് പ്രാർഥിച്ച് ഒരു നാരങ്ങ മുറിച്ചു, അതോടെ മഴ നിന്നു’; ഛത്തീസ്ഗഢിലെ കാങ്കർ ബിജെപി എംപി ഭോജ്‌രാജ് നാഗിന്റെ ഈ അവകാശവാദമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പൊതുവേദികളിൽ മന്ത്രവാദ രീതികളെക്കുറിച്ച് ഇടയ്ക്കിടെ പരാമർശങ്ങൾ നടത്തുന്ന എംപി, ബലോദ് ജില്ലയിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പങ്കെടുത്ത പരിപാടിക്കിടെയാണ് പുതിയ അവകാശവാദം ഉന്നയിച്ചത്.
‘കാലാവസ്ഥ വളരെ മോശമായിരുന്നു, നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി സന്ദർശനം നടത്തുന്നുണ്ടെന്ന വിവരം എനിക്ക് ലഭിച്ചു. ഞാൻ മഹാദേവനെ വിളിച്ച് പ്രാർഥിച്ച് ഒരു നാരങ്ങ മുറിച്ചു, അതോടെ മഴ നിന്നു’ എന്നാണ് എംപി പറഞ്ഞത്. ചടങ്ങ് തടസ്സമില്ലാതെ നടത്തുന്നതിനുവേണ്ടിയാണ് നാരങ്ങ മുറിക്കൽ വിദ്യ പ്രയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങ് വിജയകരമായി പൂർത്തിയായതിനാൽ ഇനി മഴ പെയ്യണമെങ്കിൽ പെയ്യട്ടെയെന്നും എംപി സദസ്സിനോട് പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയായിരുന്നു പരാമർശം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എംപിക്കെതിരെ പരിഹാസവും വിമർശനവും ശക്തമായി.
ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജും എംപിയുടെ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തി. ഭോജ്‌രാജ് നാഗ് അന്ധവിശ്വാസവും തെറ്റായ വിവരങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് ബൈജ് ആരോപിച്ചു. ‘നാരങ്ങ മുറിച്ചാൽ മഴ നിർത്താൻ സാധിക്കുമെങ്കിൽ, പഞ്ചസാര വിലയും വിലക്കയറ്റവും കുറയ്ക്കാൻ വേണ്ടി അദ്ദേഹം ഒരു നാരങ്ങ മുറിക്കട്ടെ’ എന്നായിരുന്നു ബൈജിന്റെ പരിഹാസം.
വൈദ്യുതി ബില്ലുകളും ഇന്ധനവിലയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയ്ക്കാൻ ഇതേ നാരങ്ങ മുറിക്കൽ വിദ്യ ഉപയോഗിക്കാമോയെന്നും ചോദിച്ച് നിരവധി സമൂഹമാധ്യമ ഉപയോക്താക്കളും എംപിയുടെ അവകാശവാദത്തെ ട്രോളുകയാണ്. മന്ത്രവാദ അവകാശവാദത്തെച്ചൊല്ലി രാഷ്ട്രീയ വിമർശനവും സമൂഹമാധ്യമ പരിഹാസവും ഒരുപോലെ ശക്തമായിരിക്കുകയാണ്.






