ന്യൂഡൽഹി: ചൈന–നേപ്പാൾ അതിർത്തി മേഖലയിൽ കനത്ത പ്രളയം ദുരിതം വിതച്ചതിന് പിന്നാലെ ടിബറ്റിൽ യാർലുങ് സാങ്പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിയിൽ ചൈന നിർമിക്കുന്ന കൂറ്റൻ ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നു. നേപ്പാളിലെ പ്രളയത്തിൽ 165 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഭൂകമ്പമാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ സാറ്റലൈറ്റ് ചിത്രങ്ങളും സീസ്മിക് ഡാറ്റയും പരിശോധിച്ച യു.എസ്. ജിയോളജിക്കൽ സർവേ പിന്നീട് മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ 5.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനവും ഉണ്ടായി.
നിലവിലെ നേപ്പാൾ പ്രളയത്തിന് ചൈനയുടെ അണക്കെട്ടുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ഭാവിയിൽ സംഭവിക്കാനിടയുള്ള വലിയ ദുരന്തങ്ങളുടെ മുന്നറിയിപ്പായി ഇതിനെ വിദഗ്ധർ വിലയിരുത്തുന്നു. 2025ൽ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം തെക്കുകിഴക്കൻ ടിബറ്റിലെ മെഡോഗിൽ ചൈന ഏകദേശം 1600 കോടി രൂപ ചെലവിൽ അഞ്ച് അണക്കെട്ടുകളുടെ ശൃംഖല നിർമിക്കുകയാണ്.
പദ്ധതി പൂർത്തിയാകുമ്പോൾ 60 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും അണക്കെട്ടുകളുടെ ശൃംഖല. ഇത് ചൈനയിലെ പ്രശസ്തമായ ത്രീ ഗോർജസ് ഡാമിന്റെ ഏകദേശം മൂന്നിരട്ടി ഉത്പാദന ശേഷിയാണെന്നാണ് റിപ്പോർട്ടുകൾ. ടിബറ്റിൽനിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാർലുങ് സാങ്പോ നദിയാണ് പിന്നീട് ബ്രഹ്മപുത്രയായി മാറുന്നത്. തുടർന്ന് നദി ബംഗ്ലാദേശിലേക്കാണ് ഒഴുകുന്നത്.
അതിർത്തിക്ക് സമീപം ചൈന നിർമിക്കുന്ന അണക്കെട്ടിന് ഏതെങ്കിലും തരത്തിലുള്ള വലിയ തകരാർ സംഭവിച്ചാൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബംഗ്ലാദേശിനെയും ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് പ്രതിരോധ വിദഗ്ധൻ ബ്രഹ്മ ചെല്ലാനി എക്സിൽ കുറിച്ചത്. വൻതോതിലുള്ള ജലപ്രവാഹം ഉണ്ടായാൽ വ്യാപകമായ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അണക്കെട്ടിന്റെ വലിപ്പം മാത്രമല്ല, പദ്ധതി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ആശങ്ക ഉയർത്തുന്നുണ്ട്. പദ്ധതിക്ക് സമീപം സജീവമായ പൈഷെൻ ഭ്രംശരേഖ കണ്ടെത്തിയതായി ചൈനീസ് ഭൂഗർഭശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്ന ഭൂകമ്പസാധ്യതയേറിയ മേഖലയിലാണ് പദ്ധതി വരുന്നത്.
ഭൂകമ്പത്തെ അണക്കെട്ടിന് നേരിടാൻ കഴിഞ്ഞാലും അതിന് പിന്നാലെയുണ്ടാകുന്ന മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും വലിയ അപകടങ്ങൾക്ക് കാരണമാകാമെന്നാണ് വിവിധ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. ഹിമാലയൻ മേഖലയിൽ ആഗോളതാപനത്തെ തുടർന്ന് മഞ്ഞുമലകൾ അതിവേഗം ഉരുകുന്നതും ഇത്തരം വൻകിട ജലവൈദ്യുത പദ്ധതികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നുണ്ട്.
നേപ്പാളിലെ ദുരന്തം ചൈനയുടെ അണക്കെട്ടുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും, അതിർത്തി പ്രദേശങ്ങളിലെ പ്രകൃതിദുരന്ത സാധ്യതകളും ബ്രഹ്മപുത്രയിലെ വൻകിട പദ്ധതികളും ഒരേസമയം ചർച്ചയാകുന്നതോടെ ഇന്ത്യയ്ക്കും പുതിയ ആശങ്കകളാണ് ഉയരുന്നത്.






