തിരുവനന്തപുരം: അപ്രതീക്ഷിതമായി പെയ്ത മഴ ചതിച്ചുവെങ്കിലും തിരുവോണ തലേന്നായ ഉത്രാടനാളിൽ മാത്രം കേരളത്തിൽ വിറ്റത് 146.66 കോടിയുടെ മദ്യം. ബവ്കോ വഴി 126.31 കോടിയുടെ മദ്യവും കൺസ്യൂമർഫെഡിൻറെ മദ്യവിൽപനശാലകളിലൂടെ 20.35 കോടി രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്.
എന്നാൽ ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ കണെക്കെടുത്തുനോക്കിയാൽ 771.29 കോടി രൂപയുടെ മദ്യമാണ് ബവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടി രൂപയുടെ വർധനയുണ്ട്. കഴിഞ്ഞ തവണ ഇതേ എട്ടു ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. എന്നാൽ ഉത്രാടദിനത്തിലെ മാത്രം കണക്കെടുത്താൽ ബവ്കോ മദ്യവിൽപനയിലൽ 10 കോടിയിലേറെ രൂപയുടെ കുറവുണ്ട്.
2025ൽ ഉത്രാടദിനത്തിലെ ബവ്കോ മദ്യവിൽപന 137 കോടിയായിരുന്നു. കൺസ്യൂമർഫെഡ് വഴിയുള്ള വിൽപനയിലും ഉത്രാടനാളിൽ നേരിയ കുറവുണ്ട്. ഇതിനു കാരണമായി കരുതുന്നത് അപ്രതീക്ഷിതമായി സംസ്ഥാനത്ത് പെയ്ത മഴയാണ്. തിരുവോണ ദിവസം മദ്യവിൽപനശാലകൾ അവധിയായിരുന്നു.
കൺസ്യൂമർഫെഡിൻറെ 49 മദ്യവിൽപനശാലകളിൽ, 89 ലക്ഷത്തിലേറെ രൂപയുടെ കച്ചവടം നടന്ന കുന്നംകുളത്തെ ഷോപ്പാണ് വിൽപനയിൽ ഒന്നാമത്. 74 ലക്ഷത്തിലേറെ വീതം കച്ചവടം നടന്ന കൊടുങ്ങല്ലൂർ, അമ്പലപ്പുഴ ഷോപ്പുകളാണ് വിൽപന കണക്കിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പതിനഞ്ച് ഷോപ്പുകളിൽ ഉത്രാടനാളിൽ മാത്രം അൻപത് ലക്ഷത്തിലേറെ രൂപയുടെ വിൽപനയുണ്ടായി. ഉത്രാടനാളിൽ കൺസ്യൂമർഫെഡ് വഴിയുള്ള ആകെ മദ്യവിൽപന – 20,35,95,800 രൂപ. കുന്നംകുളം– 89,42,930, കൊടുങ്ങല്ലൂർ– 74,78,210, അമ്പലപ്പുഴ– 74,40,510, കൊയിലാണ്ടി– 73,30,710, ഞാറയ്ക്കൽ– 65,02,380.






