വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ യുഎസ് ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. റേഡിയോ അവതാരകൻ ഗ്ലെൻ ബെക്കുമായുള്ള ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പിതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മുജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം ഇതുവരെ പൊതുയിടത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മുജ്തബ ഖമേനിയുടേതെന്ന് സ്ഥിരീകരിക്കാവുന്ന പുതിയ ചിത്രങ്ങളും പുറത്തുവന്നിരുന്നില്ല. ഇതോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നതടക്കമുള്ള അഭ്യൂഹങ്ങൾ ശക്തമായത്.
“അദ്ദേഹം മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ തുടങ്ങി എല്ലാ ഭാഗത്തും പരിക്കുണ്ട്, പക്ഷേ അദ്ദേഹം മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല”- ട്രംപ് പറഞ്ഞു.
ഇനി അങ്ങനെ അല്ല, പരമോന്നത നേതാവ് ജീവനോടെയില്ലെങ്കിൽ “അവർ (ഇറാൻ) വളരെ മികച്ച ഒരു നാടകം കളിക്കുകയാണെന്നും” ട്രംപ് കൂട്ടിച്ചേർത്തു.
മുജ്തബ ഖമേനി പരമോന്നത നേതൃസ്ഥാനത്തെത്തിയിട്ടും പൊതുയിടത്തിൽ പ്രത്യക്ഷപ്പെടാത്തത് നിരവധി അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്നും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാകാമെന്നുമുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല.
മുജ്തബ ഖമേനിയുടേതെന്ന തരത്തിൽ ഇടയ്ക്കിടെ വാർത്താക്കുറിപ്പുകൾ ഇറാൻ സ്റ്റേറ്റ് മീഡിയ പുറത്തുവിടാറുണ്ട്. അടുത്തിടെ ഇറാനിലെ ഫാഴ്സ് ന്യൂസ് ഏജൻസി പരമോന്നത നേതാവിന്റേതെന്ന് അവകാശപ്പെടുന്ന തീയതി രേഖപ്പെടുത്തിയിട്ടില്ലാത്ത അപൂർവ വീഡിയോയും പുറത്തുവിട്ടിരുന്നു.






