കാഠ്മണ്ഡു: ആകാശത്ത് മഴമേഘങ്ങളില്ല, താഴ്‌വരകളിൽ പേമാരിയുമില്ല. എന്നിട്ടും നേപ്പാളിലെ റസുവ ജില്ലയിൽ ഭോട്ടെകോഷി, തൃശൂലി നദികൾ പെട്ടെന്ന് കരകവിഞ്ഞൊഴുകി. നിമിഷങ്ങൾക്കകം കൂറ്റൻ മലവെള്ളപ്പാച്ചിൽ താഴ്‌വരകളിലേക്ക് ഇരച്ചെത്തിയതോടെ അതിർത്തിയിലെ വ്യാപാരപാതകളും ജലവൈദ്യുത പദ്ധതികളും തകർന്നു. പ്രളയഭീതി അതിർത്തി കടന്ന് ബിഹാറിലെ ഗണ്ഡക് നദീതീരത്തേക്കും എത്തി.
സാധാരണ പ്രളയങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു റസുവയിലെ ദുരന്തം. കനത്ത മഴയില്ലാതെയാണ് നദികളിൽ അപ്രതീക്ഷിതമായി ജലപ്രവാഹം ശക്തമായത്. ഇതിന് പിന്നിൽ ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബേസ്റ്റ് ഫ്‌ളഡ് (GLOF) അഥവാ ഹിമതടാക വിസ്‌ഫോടനമാകാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഭോട്ടെകോഷി നദിയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. ഈ സമയത്ത് റസുവ ജില്ലാ ആസ്ഥാനത്തോ സമീപ പ്രദേശങ്ങളിലോ മഴ പെയ്തിരുന്നില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു.
ചൈനയുമായുള്ള നേപ്പാളിന്റെ പ്രധാന വ്യാപാരപാതയായ റസുവഗഡി അതിർത്തി കേന്ദ്രം, ടിമുറെ, സ്യാഫ്രുബെസി, ബെത്രാവതി തുടങ്ങിയ പ്രദേശങ്ങളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. പെട്ടെന്നെത്തിയ വെള്ളവും മണ്ണും പാറകളും പ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടാക്കി.
111 മെഗാവാട്ടിന്റെ റസുവഗഡി ജലവൈദ്യുത പദ്ധതി, ചിലിമെ, തൃശൂലി 3എ ഉൾപ്പെടെ പത്തിലധികം ജലവൈദ്യുത പദ്ധതികൾക്ക് നാശനഷ്ടമുണ്ടായതായും ചില പദ്ധതികളുടെ പ്രവർത്തനം പൂർണമായി നിലച്ചതായും റിപ്പോർട്ടുകളുണ്ട്.
റസുവയിൽനിന്ന് ഏകദേശം 36 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽനിന്ന് 5,100 മീറ്റർ ഉയരത്തിലുള്ള ലെൻഡെ നദിയുമായി ബന്ധപ്പെട്ട മേഖലയിലാണ് ദുരന്തത്തിന്റെ ഉറവിടമെന്നാണ് പ്രാഥമിക നിഗമനം.
ഹിമപാതത്തെ തുടർന്ന് നദീതടം പൂർണമായി അടഞ്ഞുപോയതാകാം സംഭവങ്ങളുടെ തുടക്കമെന്നാണ് കാഠ്മണ്ഡു സർവകലാശാലയിലെ പരിസ്ഥിതി ഗവേഷകൻ പ്രൊഫ. റിജൻ ഭക്ത കായസ്ഥ വ്യക്തമാക്കിയതായി കാത്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
മഞ്ഞും പാറകളും ചേർന്ന തടസ്സം രൂപപ്പെട്ടതോടെ അതിന് പിന്നിൽ വലിയ തോതിൽ വെള്ളം കെട്ടിക്കിടന്നിരിക്കാം. പിന്നീട് ഈ സ്വാഭാവിക തടസ്സം തകർന്നതോടെ വലിയ അളവിലുള്ള വെള്ളവും മണ്ണും പാറകളും താഴേക്ക് അതിവേഗം കുതിച്ചെത്തിയതാകാമെന്നാണ് വിലയിരുത്തൽ.
പ്രളയത്തിന് തൊട്ടുമുമ്പ് തിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യു.എസ്. ജിയോളജിക്കൽ സർവേയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രകമ്പനം ഹിമപാതത്തിനോ ഹിമതടാകത്തിന്റെ സ്വാഭാവിക തടസ്സം തകരുന്നതിനോ കാരണമായിരിക്കാമെന്നാണ് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.
ഹിമാലയൻ മേഖലയിൽ മഞ്ഞുരുകുന്നതോടെ രൂപപ്പെടുന്ന പ്രത്യേക തരത്തിലുള്ള ജലാശയങ്ങളാണ് ഹിമതടാകങ്ങൾ. ഹിമാനികൾ ഉരുകുമ്പോൾ മണ്ണും പാറകളും അടിഞ്ഞുകൂടി സ്വാഭാവിക തടയണകൾ രൂപപ്പെടാം. ഇതിന് പിന്നിൽ വെള്ളം കെട്ടിക്കിടന്ന് വലിയ തടാകമായി മാറുന്നു.
കോൺക്രീറ്റ് അണക്കെട്ടുകളെപ്പോലെ ശക്തമല്ല ഇത്തരം പ്രകൃതിദത്ത തടയണകൾ. മണ്ണും പാറയും മഞ്ഞും ചേർന്നുണ്ടാകുന്ന ഈ തടസ്സങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ തകരുകയാണെങ്കിൽ തടാകത്തിൽ സംഭരിച്ചിരിക്കുന്ന വലിയ അളവിലുള്ള വെള്ളം ഒറ്റയടിക്ക് പുറത്തേക്ക് ഒഴുകും.
ഭൂചലനം, ഹിമപാതം, മഞ്ഞുരുകൽ തുടങ്ങിയ ഘടകങ്ങൾ ഇത്തരം തടസ്സങ്ങളെ ദുർബലപ്പെടുത്താം. തടയണ തകർന്നാൽ വെള്ളത്തിനൊപ്പം ചെളിയും പാറകളും മണ്ണും അതിവേഗത്തിൽ താഴ്‌വരകളിലേക്ക് കുതിച്ചെത്തും. ഇതിനെയാണ് ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബേസ്റ്റ് ഫ്‌ളഡ് അഥവാ ഗ്ലോഫ് എന്ന് വിളിക്കുന്നത്.
ഇത്തരം പ്രളയങ്ങളുടെ ഏറ്റവും വലിയ അപകടങ്ങളിലൊന്ന് മുന്നറിയിപ്പ് ലഭിക്കാനുള്ള സമയം കുറവാണെന്നതാണ്. താഴ്‌വരകളിൽ മഴ പെയ്യാത്തതിനാൽ സാധാരണ പ്രളയത്തിന്റെ ലക്ഷണങ്ങൾ പോലും പ്രദേശവാസികൾക്ക് നേരത്തെ മനസ്സിലാകണമെന്നില്ല.
നേപ്പാളിലെ മലവെള്ളപ്പാച്ചിൽ അയൽ സംസ്ഥാനമായ ബിഹാറിലും ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. ഭോട്ടെകോഷിയിലെ ജലം തൃശൂലി നദിയിലൂടെയും തുടർന്ന് ബിഹാറിലൂടെ ഒഴുകുന്ന ഗണ്ഡക് നദിയിലേക്കുമാണ് എത്തുന്നത്.
തിബറ്റൻ മേഖലയിലെ പ്രളയത്തെ തുടർന്ന് ഭോട്ടെകോഷിയിലെ ജലനിരപ്പ് ഏകദേശം മൂന്ന് മീറ്റർ ഉയർന്നതായാണ് വിവരം. ഒഴുക്ക് ക്രമാതീതമായി വർധിച്ചതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി വാൽമീകിനഗറിലെ ബാരേജിന്റെ 36 ഷട്ടറുകളും ബിഹാർ സർക്കാർ തുറന്നു.
സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വിദഗ്ധ സാങ്കേതിക സംഘത്തെയും ദുരന്തനിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ട്.






