ഗ്വാളിയോര്‍: തന്റെ പ്രണയം പ്രകടിപ്പിക്കാന്‍ കാമുകി വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തതോടെ കാമുകന് കിട്ടിയത് എട്ടിന്റെ പണി. കാമുകിയുടെ ‘പ്രണയപ്രകടനം’ കാരണം മധ്യപ്രദേശ് ഗ്വാളിയോറിലുള്ള ആദിത്യ സികര്‍വാര്‍ എന്ന യുവാവ് പൊലീസ് പിടിയിലാവുകയും 5,500 രൂപ പിഴയൊടുക്കുകയും ചെയ്തു. പ്രണയം പ്രകടിപ്പിക്കാന്‍ കാമുകന്റെ കാറിലുടനീളം ലിപ്സ്റ്റിക് ഉപയോഗിച്ചുള്ള 3400 ചുംബനമുദ്രകളാണ് കാമുകി പതിപ്പിച്ചത്.
വിദേശ ട്രെന്‍ഡുകള്‍ അനുകരിച്ച് മൂന്നര മണിക്കൂറോളം സമയമെടുത്തായിരുന്നു കാമുകിയുടെ ഈ വ്യത്യസ്തമായ പ്രണയപ്രകടനം. ചുംബനങ്ങള്‍ പതിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളും ലഭിച്ചു. അതില്‍ സന്തോഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ട്വിസ്റ്റുണ്ടാകുന്നത്. വൈറൽ ചിത്രം കണ്ട ട്രാഫിക് പൊലീസ് ഇന്‍സ്പെക്ടര്‍ അഭിഷേക് രഘുവംശിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
നമ്പര്‍ പ്ലേറ്റ് സൂം ചെയ്തെടുത്ത പൊലീസ് അധികം വൈകാതെ താത്തിപൂര് ഏരിയയില്‍ നിന്ന് കാറും കാമുകനായ ആദിത്യ സികര്വാറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോടിപിടിപ്പിച്ചതിന്റെയും നിയമലംഘനം നടത്തിയതിന്റെയും പേരില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 5,500 രൂപ പൊലീസ് പിഴ ചുമത്തി. ഇത്രയും വലിയൊരു കാര്യം നിയമവിരുദ്ധമാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് നടപടിക്ക് ശേഷം കാറിലെ ലിപ്സ്റ്റിക് മാര്‍ക്കുകളെല്ലാം സ്വയം കഴുകി വൃത്തിയാക്കിയെന്നും ആദിത്യ സികര്‍വാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമത്തിന് അതീതമായി ഒന്നും ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






