മുംബൈ: ‘‘കുഞ്ഞുണ്ടായതിന്റെ ആവേശത്തിലായിരുന്നു ഞാൻ. ഉറക്കം പോലും വന്നില്ല. പുലർച്ചെയാണു കൂട്ടനിലവിളി കേട്ടത്. പുക നിറഞ്ഞ ഇടനാഴിയിലൂടെ കുഞ്ഞിനെ രക്ഷിക്കാനായി ഞാനോടി. പക്ഷേ…എന്റെ മോൻ പോയി. ഒന്നു താലോലിക്കാൻ പോലും പറ്റിയില്ലല്ലോ…’’ മണിക്കൂറുകൾക്കു മുൻപു പിറന്ന കുഞ്ഞിനെ ആശുപത്രിയിൽ പടർന്ന തീ വിഴുങ്ങിയെന്നു വിശ്വസിക്കാനാകാതെ സ്വപ്നിൽ ബാർഗെ വിങ്ങിപ്പൊട്ടി. മഹാരാഷ്ട്ര അമരാവതിയിലെ ജില്ലാ വനിതാ ആശുപത്രി നിയോനേറ്റൽ ഐസിയുവിലുണ്ടായ ദുരന്തത്തിൽ 3 നവജാത ശിശുക്കളുടെ ജീവനാണു പൊലിഞ്ഞത്.. ഇന്നലെ പുലർച്ചെ മൂന്നരയോടെ വെന്റിലേറ്ററിൽ നിന്നാണു തീ പടർന്നത്. 36 കുഞ്ഞുങ്ങളെ രക്ഷിച്ചു. തൊട്ടടുത്ത ആശുപത്രിയിലാണ് സ്വപ്നിലിന്റെ കുഞ്ഞ് മാസംതികയാതെ ജനിച്ചത്. ഭാരക്കുറവുള്ള കുഞ്ഞിനെ അവിടെ ശിശുഐസിയു ഇല്ലാത്തതു കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീപിടിത്തമുണ്ടായ ഉടൻ ഐസിയുവിലേക്ക് ഓടിക്കയറിയെന്നും 8 ദിവസമായ തന്റെ കുഞ്ഞിനെ എടുത്തുകൊണ്ട് ഓടിയെന്നും മറ്റൊരച്ഛന്റെ വാക്കുകൾ.
മറ്റു കുട്ടികളുടെ ദേഹത്തേക്കു തീ പടരുന്ന കാഴ്ച കണ്ടതിന്റെ ഞെട്ടൽ മാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതീവ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉന്നതതല സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു. കുഞ്ഞുങ്ങളുടെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. എന്താണ് അഗ്നിരക്ഷാ സംവിധാനം പ്രവർത്തിക്കാത്തത്?പ്രതിഷേധവുമായി കുടുംബങ്ങൾജീവനക്കാർ പരുക്കേൽക്കാതെ രക്ഷപ്പെടുകയും പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെടുകയും ചെയ്തതിലെ ദുരൂഹത ചോദ്യം ചെയ്ത് ബന്ധുക്കൾ രംഗത്തെത്തി.
ഫയർ അലാമും തീ കെടുത്താനുള്ള സംവിധാനവും പ്രവർത്തിച്ചില്ലെന്നും അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിനു കാരണമെന്നും അവർ ആരോപിച്ചു. എന്നാൽ, അഗ്നിരക്ഷാ സേന എത്തുംമുൻപ് നഴ്സുമാരും സുരക്ഷാ ജീവനക്കാരും ജീവൻ പണയംവച്ചാണു 36 കുട്ടികളെ രക്ഷിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അവകാശപ്പെട്ടു. 2021ൽ നാഗ്പുരിനടുത്തു തന്നെ ഭണ്ഡാരയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികളാണു മരിച്ചത്. അതിനു പിന്നാലെ രൂപീകരിച്ച സമിതിയുടെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കിയില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.






