ടെൽ അവീവ്: ഇറാൻ തന്റെ മക്കളിൽ ഒരാളെ വധിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിലെ ചാനൽ 14-ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും നെതന്യാഹു പറഞ്ഞു. അവിശ്വസനീയമായ ഒരു സംഭവം നടന്നു. ഇറാൻ എന്റെ മക്കളിൽ ഒരാളെ ലക്ഷ്യമിട്ടു. എന്റെ മക്കളിൽ ഒരാളെ കൊല്ലാൻ ഇറാൻ ശ്രമിച്ചു,” എന്നാണ് നെതന്യാഹു പറഞ്ഞത്. അതേസമയം വധശ്രമം എപ്പോൾ നടന്നു, എങ്ങനെയായിരുന്നു ആ നീക്കം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കളായ യാർ, അവ്നർ എന്നിവർക്കും സുരക്ഷ വർധിപ്പിക്കുന്നതിന് ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി (Shin Bet) പ്രത്യേക അനുമതി നൽകിയിരുന്നു.
അതേസമയം നെതന്യാഹുവിന്റെ രണ്ട് ആൺമക്കളായ യായിറിനേയോ, അവ്നറിനേയാണോ ഇറാൻ ലക്ഷ്യമിട്ടതെന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേൽ മാധ്യമമായ ചാനൽ 12-ന്റെ റിപ്പോർട്ട് പ്രകാരം, ആരോപണവിധേയമായ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ മാസങ്ങളായി സുരക്ഷാ സംവിധാനങ്ങളുടെ പരിഗണനയിലുണ്ടായിരുന്നുവെന്നും പ്രസിദ്ധീകരണ നിയന്ത്രണം നിലനിന്നിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
അതുപോലെ മക്കൾക്ക് സുരക്ഷ നൽകുന്നത് ആഡംബരമല്ലെന്നും സുരക്ഷ ഇല്ലെങ്കിൽ ഇറാനികൾക്ക് ആക്രമണം വിജയിപ്പിക്കാൻ കഴിയുമായിരുന്നുവെന്നും നെതന്യാഹു അഭിമുഖത്തിൽ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സ്ഥാനാർഥികൾക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ഷിൻ ബെറ്റ് മേധാവിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, നെതന്യാഹുവിന്റെ ആരോപണത്തിന് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആരോപണത്തെ പിന്തുണയ്ക്കുന്ന കൂടുതൽ തെളിവുകളും വിശദാംശങ്ങളും പുറത്തുവന്നിട്ടില്ലാത്തതിനാൽ, സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.






