ആഗ്ര: തമിഴ്നാട് എക്സ്പ്രസിൽ ട്രോളി ബാഗിനുള്ളിൽ അഴുകിയ നിലയിൽ മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നൈയിലെ ഗുഡുവാഞ്ചേരിയിലെ വീട്ടിലേക്ക് നീളുന്നു. ഇവിടെ നിന്ന് യുവതിയുടെ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ഒളിവിലാണ്.
ഓഗസ്റ്റ് 5ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ആഗ്ര കാന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ തമിഴ്നാട് എക്സ്പ്രസിന്റെ പിൻവശത്തെ ജനറൽ കോച്ചിൽ ചുവന്ന ട്രോളി ബാഗിനുള്ളിൽ തലയില്ലാത്തതും അഴുകിയതുമായ മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ട്രെയിൻ നമ്പർ 12621 തമിഴ്നാട് എക്സ്പ്രസിലായിരുന്നു സംഭവം. വിവരമറിഞ്ഞതോടെ ആഗ്ര റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മരിച്ചത് ഒഡീഷയിലെ ജഗത്സിംഗ്പൂർ സ്വദേശിയായ 38കാരി ഹയാതുൻ നിഷയാണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ജഹൂർ ഖാന്റെ ഭാര്യയായ നിഷ ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ആഗ്ര റെയിൽവേ പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചെന്നൈ സെൻട്രൽ റെയിൽവേ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ ക്രൈം ഇന്റലിജൻസ് ബ്രാഞ്ചുമായി ചേർന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ഇതിൽനിന്ന് ഓഗസ്റ്റ് 3ന് രാത്രി 10 മണിയോടെ ചെന്നൈ സെൻട്രലിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസിൽ സമാനമായ ട്രോളി ബാഗുമായി ഒരു പുരുഷനും സ്ത്രീയും കയറുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഗുഡുവാഞ്ചേരിയിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയത്. പോലീസ് സൂപ്രണ്ട് പി. രാജന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയത്.
ഇതിനിടെ വെള്ളിയാഴ്ച പോലീസ് സംഘം ഗുഡുവാഞ്ചേരിയിലെ മസൂതി സ്ട്രീറ്റിലുള്ള ഇവർ താമസിച്ചിരുന്നുവെന്ന് സംശയിക്കുന്ന വീട്ടിലെത്തി. തുടർന്ന് ഗുഡുവാഞ്ചേരി പോലീസിനെ വിവരമറിയിച്ച് വീട്ടിൽ പരിശോധന നടത്തി. പരിശോധനയ്ക്കിടെ വലിയൊരു പാത്രത്തിനുള്ളിൽ യുവതിയുടെ ചില ശരീരഭാഗങ്ങൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. നിഷയും രണ്ട് പ്രതികളും ഈ വീട്ടിൽ താമസിച്ചിരുന്നതായാണ് പോലീസിന്റെ പ്രാഥമിക സംശയം.
അസം സ്വദേശിയായ മണിക് ഉദ്ദീൻ ലസ്കർ, ഒഡീഷ സ്വദേശിയായ ഭഗബതി മാജി എന്നിവരെയാണ് പോലീസ് സംശയിക്കുന്നത്. ഇരുവരും നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചു.
അതേസമയം നിഷയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. നിഷയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ പോലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് റെയിൽവേ എക്സ്പ്രസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്.
തമിഴ്നാട് എക്സ്പ്രസിൽ മൃതദേഹാവശിഷ്ടങ്ങൾ എത്തിച്ചത് ആരാണെന്നും കൊലപാതകം നടന്നത് എവിടെയാണെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. ഒളിവിലുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘങ്ങൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് പിന്നാലെ പുറത്തുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.






