തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചെന്ന കണ്ടെത്തലുമായി ധനവകുപ്പ് പരിശോധന. കിഫ്ബി വഴി ആകെ 240 കോടി രൂപ ചെലവഴിച്ചതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ 140 കോടിയോളം രൂപ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കിഫ്ബിക്ക് നിയമപ്രകാരം ഇത്തരം ചെലവുകൾ നടത്താൻ കഴിയുമോയെന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സർക്കാരിന്റെ നേട്ടങ്ങൾ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നതിന് കിഫ്ബി 50.87 ലക്ഷം രൂപ ചെലവഴിച്ചതായാണ് കണ്ടെത്തൽ. സാമൂഹികമാധ്യമങ്ങളിലൂടെ രണ്ടുമാസം പ്രചാരണം നടത്താൻ 10.31 കോടി രൂപയും സർക്കാർ അനുകൂല വാർത്തകൾ ഓൺലൈൻ വായനക്കാരിലേക്ക് മുൻഗണനയോടെ എത്തിക്കുന്നതിനായി 4.41 കോടി രൂപയും ചെലവഴിച്ചു.
ദേശീയപാതയോരങ്ങളിൽ വലിയ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനായി 4.27 കോടി രൂപ നൽകിയതായും പരിശോധനയിൽ വ്യക്തമായി. വലിയ പലിശനിരക്കിൽ വായ്പയെടുത്താണ് കിഫ്ബി പദ്ധതികൾക്കായി പണം കണ്ടെത്തുന്നത്. അതിനാൽ പ്രത്യേക രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് കിഫ്ബി പ്രചാരണം നടത്തിയെന്നതാണ് ധനവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
കിഫ്ബി വഴി പ്രചാരണം നടത്താൻ സർക്കാർ പ്രത്യേക ഉത്തരവ് നൽകിയിട്ടുണ്ടോയെന്നതും ധനവകുപ്പ് പരിശോധിച്ചു. എന്നാൽ പ്രചാരണത്തിനായി സർക്കാർ പ്രത്യേകം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.
കിഫ്ബിയുടെ വിവിധ പദ്ധതികൾക്ക് വേണ്ടിയെന്ന പേരിൽ സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് മുഖ്യമന്ത്രിക്ക് ധനവകുപ്പ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ വിലയിരുത്തൽ.
അതേസമയം, കൺസൾട്ടൻസി സർവീസിന്റെ പേരിൽ തിരഞ്ഞെടുപ്പ് സർവേകളും ഫീൽഡ് വിവരശേഖരണവും കിഫ്ബി നടത്തിയിട്ടുണ്ടെന്നും ധനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ ഏതൊക്കെ ഏജൻസികൾ വഴിയാണ് നടത്തിയതെന്നും ഇതിനായി ചെലവഴിച്ച തുക ഏത് വിഭാഗത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സംബന്ധിച്ച പരിശോധന പൂർത്തിയായിട്ടില്ല. ഇക്കാര്യങ്ങളിലെ വിശദമായ പരിശോധന തുടരുകയാണ്.






