ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷമായ ടി.വി.കെയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ വാക്പോര്. ടി.വി.കെ നേതാവും മന്ത്രിയുമായ സി.ടി.ആർ. നിർമൽ കുമാറിനെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ‘സങ്കി മന്ത്രി’ എന്ന് വിളിച്ചതാണ് സഭയിൽ സംഘർഷത്തിന് കാരണമായത്. ഇതിന് മറുപടിയായി നിർമൽ കുമാർ ഉദയനിധിയെ ‘ബാത്ത്റൂം മന്ത്രി’ എന്ന് പരിഹസിച്ചു. ഉദയനിധിയുടെ അറസ്റ്റ് സംബന്ധിച്ച വിവാദത്തെ സൂചിപ്പിച്ചായിരുന്നു ഈ പരാമർശം. അതേസമയം, മുൻ ഡി.എം.കെ സർക്കാരുമായി ബന്ധപ്പെട്ട അഴിമതി ഫയലുകൾ പരസ്യമാക്കാൻ ഉദയനിധി മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ വെല്ലുവിളിച്ചു. മുൻ ഡി.എം.കെ സർക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയായായിരുന്നു ഉദയനിധി സ്റ്റാലിന്റെ വെല്ലുവിളി.
വെള്ളിയാഴ്ച നടന്ന സഭാ നടപടികൾക്കിടെയായിരുന്നു ഏറ്റുമുട്ടൽ. പരസ്പര ആരോപണങ്ങൾ ശക്തമായതോടെ ഡി.എം.കെ, ടി.വി.കെ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസപ്പെടുകയും ചെയ്തു. പിന്നീട് നടപടികൾ പുനരാരംഭിച്ചു. നിയമസഭ ഒരു സൂപ്പർ സിംഗർ പരിപാടി ആയി മാറിയോ എന്ന് ഉദയനിധി വിമർശിച്ചു. മുൻ സർക്കാരിന്റെ ഫയലുകളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിക്കുകയും ചെയ്തു. ‘നമ്മൾ നിയമസഭയിലേക്കാണോ സൂപ്പർ സിംഗർ പരിപാടിയിലേക്കാണോ വന്നതെന്ന് എനിക്കറിയില്ല’ ഉദയനിധി പറഞ്ഞു. മുൻ ഡി.എം.കെ സർക്കാറിന്റെ കാലത്തെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള ചർച്ചക്കിടെയാണ് മുഖ്യമന്ത്രി വിജയ് ചില അഴിമതി ഫയലുകൾ തന്റെ മേശയിലുണ്ടെന്ന് പറഞ്ഞത്.
മൂന്ന് വകുപ്പുകൾ ഈ ഫയലുകൾ പരിശോധിച്ചിട്ടുണ്ടെന്നും അവയിൽ തെളിവുകളുണ്ടെന്നും വിജയ് നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ ‘ഇവ പുറത്തെടുക്കാൻ നിർബന്ധിക്കരുത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഉചിതമായ സമയത്ത് ഫയലുകൾ പുറത്തുവിട്ടാൽ കാര്യങ്ങൾ വ്യക്തമായി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായാണ് ഉദയനിധി വെള്ളിയാഴ്ച നിയമസഭയിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. തെളിവുണ്ടെങ്കിൽ ഫയലുകൾ പുറത്തുവിടണമെന്നും ആരോപണം ശരിയാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫയലുകൾ പുറത്തുവിടാൻ മുഖ്യമന്ത്രി ഒരു ജ്യോതിഷിയുടെ നിർദേശത്തിനായി കാത്തിരിക്കുകയാണോയെന്നും ഉദയനിധി പരിഹസിച്ചു. നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ വിജയുടെ മുൻ പരാമർശങ്ങളെ പരിഹസിച്ച ഉദയനിധി, ‘ഫയലുകൾ പുറത്തെടുക്കൂ; സിനിമാ പഞ്ച് ഡയലോഗുകൾ പറയരുത്’ എന്ന തരത്തിലും വിമർശനം ഉന്നയിച്ചു. അഴിമതി സംബന്ധിച്ച് തെളിവുകൾ കൈവശമുണ്ടെങ്കിൽ സർക്കാർ നിയമപരമായ നടപടി സ്വീകരിക്കണം. ആരോപണങ്ങൾ രാഷ്ട്രീയ പ്രസംഗങ്ങളായി മാത്രം ഒതുക്കാതെ അവയുടെ രേഖകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






