മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കിണറുകളിലെ മോട്ടോറുകളും പമ്പ് സെറ്റുകളും വ്യാപകമായി മോഷണം പോകുന്നു. വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകളിൽനിന്നാണ് മോട്ടോറുകൾ കവർന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ മോട്ടോർ മോഷണവുമായി ബന്ധപ്പെട്ട് ഇരുപതോളം പരാതികളാണ് അരീക്കോട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.
കിഴിശ്ശേരി, കാവനൂർ, കിഴുപറമ്പ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽനിന്നായി 15ലേറെ മോട്ടോറുകൾ ഇതിനകം മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയെന്നാണ് വിവരം. പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകളും പരിസരങ്ങളും നിരീക്ഷിച്ച ശേഷം രാത്രിയിലെത്തി മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് നാട്ടുകാരുടെ സംശയം.
രാവിലെ വെള്ളത്തിനായി മോട്ടോർ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഓൺ ചെയ്യുമ്പോഴാണ് വീട്ടുകാർ മോഷണം നടന്ന വിവരം അറിയുന്നത്. മോട്ടോറുകൾക്കൊപ്പം കിണറുകളിലെ പൈപ്പുകളും നഷ്ടപ്പെടുന്നുണ്ട്.
കിഴിശ്ശേരി, പുളിയക്കോട്, ആക്കപറമ്പ്, എളയൂർ, ഇരുവേറ്റി, വടശ്ശേരി, കുനിയിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് മോഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുളിയക്കോട് ആക്കപറമ്പ് സ്വദേശി കോതേരി നാസറിന്റെ വീട്ടിലെയും സമീപത്തെ ഫുട്ബോൾ ടർഫിലെയും കിണറുകളിൽനിന്ന് മോട്ടോറുകൾ കവർന്നു. കിഴക്കേപറമ്പൻ സലാം, സൈദ്, പുതിയവളപ്പിൽ അലി എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.
അതിനിടെ, പ്രദേശത്ത് രാത്രികാലങ്ങളിൽ പുറത്തുനിന്നുള്ളവർ എത്തുന്നതായും ലഹരിസംഘങ്ങളുടെ സാന്നിധ്യം ശക്തമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ലഹരി ഉപയോഗത്തിനായി നിർമിച്ചെന്ന് നാട്ടുകാർ പറയുന്ന ഏറുമാടം പൊളിച്ചുനീക്കിയപ്പോൾ സിറിഞ്ചുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയിരുന്നു.
മോട്ടോർ മോഷണം തുടർക്കഥയായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. നിരവധി പരാതികൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്തെ അപരിചിതരുടെ സാന്നിധ്യവും പൊലീസ് നിരീക്ഷിച്ചുവരികയാണ്.
മോഷ്ടാക്കളെ പിടികൂടാൻ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നുണ്ട്. അതേസമയം, മോഷണം തടയാൻ പ്രദേശവാസികളും രംഗത്തെത്തി. രാത്രികാലങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് വിവിധ പ്രദേശങ്ങളിൽ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.






