തൊടുപുഴ: മകന്റെ വിശപ്പകറ്റാനും ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ വാങ്ങിനൽകാനുമുള്ള കരുതലോടെയാണ് റേച്ചൽ നാട്ടിലെ വീട്ടിലെത്തിയത്. എന്നാൽ, മകനെ കാണാനുള്ള ആ യാത്ര ഒടുവിൽ റേച്ചലിന്റെ ജീവനെടുത്ത ദാരുണ സംഭവമായി മാറി. മകൻ ലിജോയാണ് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് ലഭിച്ച മൊഴി.
വർഷങ്ങളായി എറണാകുളത്ത് ഹോം നഴ്സായി ജോലി ചെയ്ത് കുടുംബം പുലർത്തുകയായിരുന്നു റേച്ചൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് അവർ നാട്ടിലെത്തിയത്. അറയ്ക്കപ്പാറയിലെ സഹോദരൻ ഈട്ടിക്കൽ ജോണിന്റെ വീട്ടിലായിരുന്നു ആദ്യം താമസിച്ചത്. തുടർന്ന് ആലപ്പുഴയിൽ ധ്യാനത്തിന് പോയ റേച്ചൽ ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തി. തിങ്കളാഴ്ചയാണ് മൈലാടുംപാറയിലെ സ്വന്തം വീട്ടിലെത്തിയത്.
മകനെക്കുറിച്ചുള്ള ആവലാതി റേച്ചലിനെന്നും ഉണ്ടായിരുന്നു. വീട്ടാവശ്യത്തിനുള്ള സാധനങ്ങളും അവർ തന്നെയാണ് വാങ്ങിക്കൊണ്ടുവന്നിരുന്നത്. അങ്ങനെയെല്ലാം റേച്ചൽ മകന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ ലിജോയുടെ ജീവിതം മറ്റൊരു വഴിയിലായിരുന്നു.
അമ്മ വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവന്നിരുന്ന സാധനങ്ങൾ പോലും വിറ്റ് മദ്യപിക്കാനുള്ള പണം കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. താമസിച്ചിരുന്ന വീടും തകർച്ചയുടെ വക്കിലായിരുന്നു. ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റായിരുന്നു ലിജോയുടെ ജീവിതം. ഇതിൽനിന്ന് ലഭിക്കുന്ന പണവും മദ്യപിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
റേച്ചലിനെ അന്വേഷിച്ചെത്തിയ സഹോദരി ഷൈനിയാണ് ഒടുവിൽ നടുക്കുന്ന കാഴ്ച കണ്ടത്. തിങ്കളാഴ്ച വീട്ടിലെത്തിയ റേച്ചലിനെ ചൊവ്വാഴ്ച രാവിലെയാണ് ലിജോ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.






