ന്യൂഡൽഹി: വന്ദേമാതരം വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി എഐസിസി അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. പണ്ട് താൻ ആദ്യമായി എംഎൽഎയാകുന്ന സമയത്ത് അമിത് ഷാ കുട്ടിയായിരുന്നു, എന്നാൽ അദ്ദേഹം ഇന്ന് ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു. ഗോവയിൽ തിങ്കളാഴ്ച നടന്ന പൊതുറാലിയിൽ പങ്കെടുക്കുകയായിരുന്നു 84-കാരനായ മല്ലികാർജുൻ ഖാർഗെ.
സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് അരങ്ങേറിയ വന്ദേമാതരം സംഭവങ്ങളാണ് വാക്‌പോരിന് ആധാരം. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. ഇത് തടയാൻ സോണിയാ ഗാന്ധി ശ്രമിച്ചുവെന്നാണ് അമിത് ഷായുടെ ആരോപണം. എന്നാൽ, ഖാർഗയ്ക്കായി കസേര കൊണ്ടുവരാനാണ് സോണിയാ ഗാന്ധി പറഞ്ഞതെന്നാണ് ഇതിനെ പ്രതിരോധിച്ചുകൊണ്ട് കോൺഗ്രസ് നൽകുന്ന വിശദീകരണം.
‘മാഡം സോണിയാ ഗാന്ധിക്കെതിരെ അമിത് ഷാ സംസാരിക്കുന്നു. ഗാന്ധി കുടുംബത്തിനെതിരെ സംസാരിക്കുന്നു. ഞാൻ ആദ്യമായി എംഎൽഎയാകുമ്പോൾ അമിത് ഷാ കുട്ടിയാണ്. ഇന്ന് അദ്ദേഹം ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കുകയാണ്’, മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
‘രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഞങ്ങളുടെ പൂർവികർ പോരാടി. നിങ്ങളുടെ പൂർവികർ പോരാടിയിരുന്നോ? സ്വാതന്ത്ര്യത്തിനായി പോരാടിയ ബിജെപി ആശയമുള്ള ഒരാളുടെ പേര് പറയാൻ നിങ്ങൾക്ക് കഴിയുമോ? ഏത് ആർഎസ്എസ്സുകാരനാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്? എന്നിട്ട് നിങ്ങൾ ഞങ്ങൾക്ക് രാജ്യസ്‌നേഹത്തിന്റെ ക്ലാസെടുക്കുന്നോ?’, ഖാർഗെ പരിഹസിച്ചു.
‘ഞങ്ങൾ രാജ്യസ്‌നേഹികളല്ല, രാജ്യവിരുദ്ധരാണെന്ന് നിങ്ങൾ പറയുന്നു. നിങ്ങളാണ് (ബിജെപി) ഇന്ത്യാവിരുദ്ധരും മതവിരുദ്ധരും. കാരണം, എന്നെ പോലെയൊരാൾ ഉത്തരാഖണ്ഡിൽ ലക്ഷക്കണക്കിന് ആളുകൾക്ക് മുന്നിൽ പ്രസംഗിച്ചശേഷം, ആ സ്ഥലത്ത് നിങ്ങൾ രണ്ടുദിവസം നീണ്ട ‘ഹവനം’ നടത്തി ‘ശുദ്ധീകരിച്ചു’. അത് ഈ രാജ്യത്തിന് നാണക്കേടാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?’, ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെ ചോദിച്ചു.






