ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. മാടപ്പുരയ്ക്കൽ പടീറ്റതിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവൻകുട്ടി (67) ആണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. ഇതോടെ വീട്ടിൽ ശിവൻകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ ചെറുമകൾ വീട്ടിലെത്തിയെങ്കിലും പലതവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. നാട്ടുകാർ എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് ശിവൻകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശിവൻകുട്ടിയുടെ ദേഹത്തും വീട്ടിനുള്ളിലുമായി സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിൽ മറ്റെന്തെങ്കിലും സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ശിവൻകുട്ടിയുടെ ഭാര്യ സരസ്വതിയാണ്. മക്കൾ ശശികല, ശ്രീകല.






