ന്യൂഡൽഹി: 2047ഓടെ വികസിത് ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി രാജ്യത്തിന്റെ വികസനത്തിന് ഏഴ് മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ‘സപ്തധാരാ’ എന്ന വികസന പ്രതിജ്ഞ പ്രഖ്യാപിച്ചത്.
ഉത്പാദനം, കൃഷി, സാങ്കേതികവിദ്യ, കണക്ടിവിറ്റി, പ്രതിരോധം, ഹരിത സമ്പദ്‌വ്യവസ്ഥയും ബ്ലൂ ഇക്കണോമിയും, സോഫ്റ്റ് പവർ എന്നിവയാണ് സപ്തധാരയിൽ ഉൾപ്പെടുന്ന ഏഴ് പ്രധാന മേഖലകൾ. ഈ മേഖലകളിൽ ശക്തമായ മുന്നേറ്റം കൈവരിക്കുന്നതിലൂടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കാനാണ് ശ്രമമെന്ന് മോദി പറഞ്ഞു.
ലോകത്തിലെ മികച്ച കലാകാരന്മാർ ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന സാഹചര്യം വലിയ അവസരമായി കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ രാജ്യത്ത് പുതിയൊരു കൺസേർട്ട് ഇക്കോണമി വളർത്തിയെടുക്കണം.
യോഗ, ആയുർവേദ, ഇന്ത്യൻ സിനിമ, ഗെയിമിങ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മികവ് കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇത്തരം മേഖലകളെ സാമ്പത്തിക വളർച്ചയുടെ പുതിയ സാധ്യതകളായി കാണണമെന്നും മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ സമുദ്രസമ്പത്തും തീരപ്രദേശങ്ങളും സാമ്പത്തിക വളർച്ചയ്ക്കായി കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫിഷറീസ്, തീരദേശ വിനോദസഞ്ചാരം, ഓഷ്യൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണുള്ളത്.
ബ്ലൂ ഇക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ കരുത്ത് നൽകാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ ആഗോള ഇന്നവേഷൻ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി, ഡാറ്റ സെന്ററുകൾ തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകണം.
ഓരോ നിമിഷവും പുതിയ സാങ്കേതികവിദ്യകൾ പുതിയ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ ഇന്ത്യ അതിനനുസരിച്ച് മുന്നേറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വനിതാ സംവരണം നടപ്പാക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ എല്ലാവരും മുന്നോട്ടുവരണമെന്നും മോദി ആവശ്യപ്പെട്ടു. ഇതിന്റെ ക്രെഡിറ്റ് തങ്ങൾ എടുത്തുകൊള്ളണമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളോടുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം.
രാജ്യത്തെ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇപ്പോൾ ‘പരിഷ്കാരങ്ങളുടെ എക്സ്പ്രസിലാണ്’ സഞ്ചരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യത്തെ പരിഷ്കാരങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോർച്യൂൺ 500 പട്ടികയിൽ 50 ഇന്ത്യൻ കമ്പനികളെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം.
2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഒരേസമയം മുന്നേറ്റം ഉണ്ടാകണമെന്നും അതിനുള്ള ദിശയാണ് ‘സപ്തധാരാ’ മുന്നോട്ടുവയ്ക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.






