തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ. സുകുമാരൻ നായർ എൻ.എസ്.എസിന്റെ അധികാരം ഏറ്റെടുത്തതിന് ശേഷം നായർ സമുദായത്തിന് വലിയ രീതിയിലുള്ള അപചയമാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം മന്നം ക്ലബ്ബില്‍ ‘ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുകുമാരൻ നായർ അധികാരം ഏറ്റെടുത്ത ശേഷം ജയിലിൽ കിടക്കുന്ന നായന്മാരുടെ എണ്ണം മുൻപത്തേക്കാൾ വർധിച്ചതായി അനൂപ് ചന്ദ്രൻ ആരോപിച്ചു.
മുൻപ് സാംസ്കാരിക നായകന്മാരെ നായർ സമുദായം നയിച്ചിരുന്നപ്പോൾ ‘സാംസ്കാരിക നായൻമാർ’ എന്ന പ്രയോഗം പോലും ഉണ്ടായിരുന്നു. പ്രതാപശാലിയായ സാംസ്കാരിക നായൻമാരുള്ള നായർ സമുദായം, ഇന്ന് ഒരു നേരത്തെ ഉപ്പിനും മുളകിനും വേണ്ടി മറ്റുള്ളവരിൽ നിന്ന് പിടിച്ചുപറിക്കുന്ന അവസ്ഥയിലേക്ക് അധഃപതിച്ചുവെന്നും, സമുദായത്തിന് ഈ ദുരവസ്ഥ ഉണ്ടാക്കിയത് സുകുമാരൻ നായരുടെ നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു. താൻ എസ്.എഫ്.ഐയിൽ സജീവമായിരുന്ന കാലത്തുണ്ടായ വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് അനൂപ് ചന്ദ്രൻ വിമർശനങ്ങൾ ഉന്നയിച്ചത്. പന്തളത്തുള്ള തന്റെ സുഹൃത്തിന്റെ സഹോദരിക്ക് പന്തളം എൻ.എസ്.എസ് കോളജിൽ അഡ്മിഷൻ വാങ്ങുന്നതിനായി ചങ്ങനാശ്ശേരിയിൽ ചെന്ന് സുകുമാരൻ നായരെ കണ്ടു. പന്തളത്തെ കരയോഗാംഗമായ ശിവൻകുട്ടി നൽകിയ ശുപാർശ കത്തുമായാണ് സുഹൃത്തുക്കൾ സുകുമാരൻ നായരെ കാണാൻ ചെന്നത്.
എന്നാൽ കത്തുമായി ചെന്ന സുഹൃത്തുക്കളെ സുകുമാരൻ നായർ അതിരൂക്ഷമായ ഭാഷയിൽ അധിക്ഷേപിക്കുകയും പുലഭ്യത്തോട് പുലഭ്യം പറയുകയും ചെയ്തു. “ആരാണ് ശിവൻകുട്ടി” എന്ന് ചോദിച്ച് ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ പറഞ്ഞു. ‘സുകുമാരൻ നായരിൽ നിന്നും മോശം അനുഭവം നേരിട്ട് പുറത്തിറങ്ങിയ ഞങ്ങൾ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ഒരു കെ.എസ്.യു നേതാവ് വഴി കോൺഗ്രസ് നേതാവ് പി.ജെ. കുര്യനെ ബന്ധപ്പെടുന്നത്. വിവരമറിഞ്ഞ പി.ജെ. കുര്യൻ പന്തളം എൻ.എസ്.എസ് കോളജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് അഡ്മിഷൻ നൽകാൻ ആവശ്യപ്പെടുകയും ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ എളുപ്പത്തിൽ അവിടെ അഡ്മിഷൻ ലഭിക്കുകയും ചെയ്തു. സമുദായത്തിലെ സാധാരണക്കാർക്ക് പട്ടിയുടെ വില പോലും നൽകാത്ത രീതിയിലാണ് നായർ നേതൃത്വം പെരുമാറുന്നത്’ -അദ്ദേഹം കുറ്റപ്പെടുത്തി.






