ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലി വേദിയിൽ വലതുപക്ഷ സംഘടന ‘ശുദ്ധീകരണം’ നടത്തി. സംഭവത്തിൽ രൂക്ഷവിമർശനവുമായി ഖാർഗെ രംഗത്ത് . രാജ്യത്ത് ദലിതർക്ക് ഒരിടവുമില്ലെന്ന് വ്യക്തമാക്കിയ ഖാർഗെ, ഈ സംഭവം തന്നെ അപമാനിച്ചുവെന്നും വേദനയാണ് സമ്മാനിച്ചതെന്നും വ്യക്തമാക്കി. സംഭവത്തിൽ നിയമപ്രകാരം കേസെടുക്കണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച ഹൽദ്വാനിയിലെ രാംലീലാ മൈതാനിയിൽ നടന്ന കോൺഗ്രസിന്റെ ‘വിജയ് ശംഖ്നാദ്’ റാലിയിൽ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ചിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷം, ആഗസ്റ്റ് 10ന് ‘ശ്രീറാം സേന’ എന്ന തീവ്ര വലതുപക്ഷ സംഘടന ഈ വേദിയിൽ ‘ശുദ്ധീകരണ കർമം’ നടത്തുകയായിരുന്നു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച രാജ്യസഭയിൽ വിഷയം ഉന്നയിച്ചുകൊണ്ടാണ് ഖാർഗെ തന്റെ പ്രതിഷേധം അറിയിച്ചത്. ഞങ്ങൾ എപ്പോഴും പറയുന്നത് ഈ രാജ്യത്ത് ദലിതർക്ക് ഇടമില്ലെന്നാണ്. മതത്തിന്റെ പേരിൽ അവർ എല്ലാവരെയും ഭിന്നിപ്പിക്കുകയാണ്. അവിടെ ശുദ്ധീകരണം നടത്തേണ്ട എന്ത് ആവശ്യമാണുണ്ടായിരുന്നത്?’ – ഖാർഗെ ചോദിച്ചു. ‘എന്റെ പ്രസംഗത്തിന് ശേഷം ബി.ജെ.പിക്കാർ അവിടെ ശുദ്ധീകരിച്ചു. ജാതിവ്യവസ്ഥയുടെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യത്തിന് കളങ്കമാണ്. ഞാൻ ദലിതനാണ്, എന്നെ സംരക്ഷിക്കണം എന്ന് ആരോടും യാചിച്ചിട്ടില്ല.
എനിക്ക് സ്വന്തമായി പൊരുതാനുള്ള കരുത്തുണ്ട്. എന്നാൽ ഹൽദ്വാനിയിലെ ആ ആചാരം എനിക്ക് നൊമ്പരവും വലിയ അപമാനവുമാണ് ഉണ്ടാക്കിയത്.ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമപ്രകാരം കേസെടുക്കണം. രാംലീലാ മൈതാനം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പൊതുയോഗങ്ങൾക്കായി ഉപയോഗിക്കാനുള്ള വേദിയാണ്. എന്നാൽ അവർ ചെയ്തത് ഹിന്ദു മതത്തിന് തന്നെ എതിരാണെന്നും ജാതികൾ തമ്മിൽ സംഘർഷം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






