തൃശൂർ: സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ വീട്ടിൽ സുജാത (28), പടിഞ്ഞാറേ വെമ്പല്ലൂരിൽ താമസിക്കുന്ന പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടിൽ റോജ (43) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20ഓടെയാണ് സംഭവം. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലത (70)യാണ് തട്ടിപ്പിനിരയായത്.
പുൽത്തൈലം വിൽക്കാനെന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തിയ പ്രതികൾ, വീടിരിക്കുന്ന സ്ഥലത്ത് സർപ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് വീട്ടമ്മയെ ഭയപ്പെടുത്തുകയായിരുന്നു. സർപ്പകോപം തീർക്കാൻ സ്വർണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമർപ്പിക്കണമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.
ഇത് വിശ്വസിച്ച സ്വർണലത തന്റെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയുമടക്കം ആറരപ്പവനോളം സ്വർണവും 6,500 രൂപയും വഴിപാടിനായി പ്രതികൾക്ക് കൈമാറി. ആകെ 6,75,000 രൂപയുടെ നഷ്ടമാണ് വീട്ടമ്മയ്ക്കുണ്ടായത്.
പ്രതികൾ വീട്ടിൽനിന്ന് പോയതിന് ശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി വീട്ടമ്മയ്ക്കും കുടുംബത്തിനും മനസ്സിലായത്. തുടർന്ന് അന്തിക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
തട്ടിയെടുത്ത 48 ഗ്രാം സ്വർണം പ്രതികൾ വിൽപ്പന നടത്തിയ ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽനിന്ന് പൊലീസ് വീണ്ടെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അന്തിക്കാട് പൊലീസ് ഇൻസ്‌പെക്ടർ കേഴ്‌സൺ വി. മാർക്കോസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഡൽഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ തലയോട്ടി കണ്ടെത്തി; കുരങ്ങിന്റേതെന്ന് മൊഴി





