ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിൽ തലയോട്ടി കണ്ടെത്തി. മനുഷ്യന്റേതിന് സമാനമായ തലയോട്ടിയാണ് സിഐഎസ്എഫ് നടത്തിയ സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ തലയോട്ടി കുരങ്ങിന്റേതാണെന്ന് യാത്രക്കാരൻ ചോദ്യം ചെയ്യലിൽ പറഞ്ഞത്.
ഓഗസ്റ്റ് 10നാണ് സംഭവം. ഡൽഹിയിൽനിന്ന് ഹൈദരാബാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ഹാൻഡ് ബാഗ് സ്കാൻ ചെയ്തപ്പോഴാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് ബാഗ് തുറന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്. സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരനെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.
തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യംചെയ്യലിലാണ് ബാഗിലുണ്ടായിരുന്നത് കുരങ്ങിന്റെ തലയോട്ടിയാണെന്ന് യാത്രക്കാരൻ വ്യക്തമാക്കിയത്. സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ടതാകാമെന്ന സംശയത്തെ തുടർന്ന് സിഐഎസ്എഫ് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചു.
തുടർ നിയമനടപടികൾക്കായി യാത്രക്കാരനെ പൊലീസിന് കൈമാറി. വന്യജീവി വകുപ്പിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.




