തിരുവനന്തപുരം: കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായവർക്ക് താനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരെ തനിക്ക് നേരിട്ട് അറിയാമെന്നും എന്നാൽ ഇവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിഞ്ഞത് ഇപ്പോഴത്തെ അറസ്റ്റോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹുസൈനെ പൊലീസ് മർദ്ദനത്തെ തുടർന്നാണ് താൻ ആദ്യമായി വിളിച്ചതെന്ന് സതീശൻ പറഞ്ഞു. നവകേരള സദസ്സിനിടെ പെരുമ്പാവൂർ കുറുപ്പംപടി എം.ജി.എം സ്കൂളിന് മുന്നിൽ നടന്ന പൊലീസ് ലാത്തിച്ചാർജിൽ മുഹമ്മദ് ഹുസൈന് പരിക്കേറ്റിരുന്നു. അന്ന് പരിക്കേറ്റ മറ്റ് പ്രവർത്തകരെ വിളിച്ച് ആശ്വസിപ്പിച്ചതുപോലെ ഹുസൈനെയും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.
ഫോണിൽ സംസാരിച്ചപ്പോൾ എപ്പോഴെങ്കിലും വീട്ടിൽ വരാമെന്ന് ഹുസൈൻ പറഞ്ഞിരുന്നു. പിന്നീട് വെങ്ങോല പഞ്ചായത്തിലെ ഒരു പരിപാടിക്കിടെ എംഎൽഎയുടെയും പാർട്ടി ഭാരവാഹികളുടെയും നിർദേശപ്രകാരമാണ് ഹുസൈന്റെ വീട് സന്ദർശിച്ചത്. നേരത്തെ വാക്ക് നൽകിയിരുന്നതിനാലാണ് സന്ദർശനം നടത്തിയതെന്നും സതീശൻ പറഞ്ഞു.
ഇതിന് ശേഷം മൂന്നോ നാലോ തവണ വിവിധ സ്ഥലങ്ങളിൽവെച്ച് ഹുസൈൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്നും പൊലീസ് മർദ്ദനമേറ്റ പ്രവർത്തകൻ എന്ന നിലയിലുള്ള പരിഗണന മാത്രമാണ് താൻ നൽകിയതെന്നും സതീശൻ വ്യക്തമാക്കി.
മുഹമ്മദ് ഹുസൈൻ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ആളാണെന്ന ആരോപണവും സതീശൻ തള്ളി. തനിക്ക് നിലവിൽ സാമൂഹികമാധ്യമ ടീമോ കോഓർഡിനേറ്ററോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും സോഷ്യൽ മീഡിയ ടീമുണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ലെന്നും സതീശൻ വ്യക്തമാക്കി.
ഓരോരുത്തരും പല ഗ്രൂപ്പുകളിലും അംഗങ്ങളാകുന്നതിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവർക്ക് ലഹരിമരുന്നുമായി ബന്ധമുണ്ടായിരുന്ന കാര്യം പാർട്ടി പ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ അറിവില്ലായിരുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.




