കോട്ടയം: മരണാനന്തരം 14 അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നിഷാ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ (നോട്ടോ) ഇതിനായി രജിസ്റ്റർ ചെയ്തു.
‘എന്റെ മരണം മറ്റൊരാളുടെ തുടക്കമാകുമെങ്കിൽ, അങ്ങനെയാകട്ടെ. എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമാകരുതെന്നും 14 പേർക്ക് പുതിയ തുടർച്ചയാകണമെന്നും ആഗ്രഹിക്കുന്നു’, ഫെയ്‌സ്ബുക്കിലൂടെ നിഷാ അറിയിച്ചു.
ഹൃദയം, കണ്ണുകൾ, വൃക്ക, കരൾ, ശ്വാസകോശം, ടിഷ്യുകൾ എന്നിവ ദാനം ചെയ്യുന്നതിലൂടെ 14 പേർക്ക് പുതുജീവൻ ലഭിക്കുമെന്ന് നിഷാ കുറിച്ചു. മറ്റൊരാൾക്ക് വർഷങ്ങളായുള്ള കഷ്ടപ്പാടുകളിൽനിന്ന് മോചനം നൽകാനും പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകാനും അവയവദാനത്തിലൂടെ കഴിയുമെന്നും അവർ പറഞ്ഞു.
‘കുറച്ചുപേർക്കെങ്കിലും പുതിയൊരു ജീവൻ സമ്മാനിച്ചാണ് അമ്മ മടങ്ങിയതെന്ന് മക്കൾ ഓർക്കണം’ എന്നും നിഷാ കുറിപ്പിൽ പറഞ്ഞു.
ഈ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് നോട്ടോയിലെ രജിസ്ട്രേഷൻ ലിങ്കും നിഷാ തന്റെ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.





