തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ നീക്കങ്ങളിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടും ചട്ടലംഘനവും നടന്നതായി കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളർ, അന്നത്തെ നിരക്കിൽ ഏകദേശം 126 കോടി രൂപ, നൽകിയെന്ന സ്പോൺസറുടെ അവകാശവാദത്തിന് തെളിവായി പണം കൈമാറിയതിന്റെയോ എഎഫ്എ തുക സ്വീകരിച്ചതിന്റെയോ രേഖകൾ ലഭ്യമല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിൽ കരാർ ഒപ്പിട്ടതിന്റെയോ സ്പോൺസറും സർക്കാരും തമ്മിൽ കരാർ ഉണ്ടായിരുന്നതിന്റെയോ രേഖകളും കണ്ടെത്താനായിട്ടില്ല. വിദേശനാണയ വിനിമയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിനും കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കും ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് കായികമന്ത്രി ഒ.ജെ. ജനീഷിന് കൈമാറിയത്. തുടർനടപടികൾക്കായി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജൻസി വഴി എഎഫ്എയ്ക്ക് പണം കൈമാറാൻ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയിരുന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അനുമതി ലഭിച്ചതിന് ശേഷം പണം യഥാർഥത്തിൽ കൈമാറിയെന്നതിന് സ്പോൺസർ സർക്കാരിന് രേഖകളൊന്നും സമർപ്പിച്ചിട്ടില്ല.
പണം കൈമാറാൻ ഉപയോഗിക്കാനിരുന്ന യുഎസ് ഏജൻസി സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നേരിടുന്ന സ്ഥാപനമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അർജന്റീന ടീമിന്റെ കേരള സന്ദർശനം വൈകിയതോടെ കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് സ്പോൺസർക്ക് എൽഡിഎഫ് സർക്കാർ രണ്ട് തവണ നോട്ടിസ് നൽകിയിരുന്നു. എന്നാൽ പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ പിന്നീട് സർക്കാരിന് ലഭിച്ചില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
അർജന്റീന ഫുട്ബോൾ അസോസിയേഷനിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാതെയാണ് കൊച്ചിയിൽ പ്രദർശന മത്സരം നടക്കുമെന്ന് കാണിച്ച് കേരളം കേന്ദ്ര സർക്കാരിന് കത്തെഴുതിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് പണം കൈമാറുന്നതിനുള്ള അനുമതിക്കായുള്ള നടപടികൾ മുന്നോട്ടുപോയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
126 കോടി രൂപയുടെ ഇടപാടിൽ 22.68 കോടി രൂപ സേവനനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്പോൺസർക്ക് അടുത്തിടെ സമൻസ് അയച്ചതായും റിപ്പോർട്ടിലുണ്ട്.
എഎഫ്എ പ്രതിനിധിയുമായി അന്നത്തെ കായികമന്ത്രിയുടെ ഓഫിസ് നടത്തിയ ഇ-മെയിൽ ആശയവിനിമയങ്ങളാണ് സർക്കാരിന്റെ കൈവശമുള്ള പ്രധാന രേഖകൾ. ഈ ഇ-മെയിലുകൾ പോലും ഇടപാടുകൾ നടന്നതിന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് കായികവകുപ്പിന് കൈമാറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ തയാറാണെന്നും ആവശ്യമായ മുഴുവൻ സാമ്പത്തിക സഹായവും നൽകാമെന്നും അറിയിച്ച് കളമശ്ശേരി ആസ്ഥാനമായ ഗോട്ട് ആഡ് ഗ്ലോബൽ എന്ന സ്ഥാപനം 2023 ജൂലൈയിലാണ് സംസ്ഥാന സർക്കാരിന് ആദ്യ കത്ത് നൽകിയത്.
എന്നാൽ കത്ത് നൽകിയതിന് 20 ദിവസം മുൻപ് മാത്രമാണ് സ്ഥാപനം രജിസ്റ്റർ ചെയ്തതെന്നും അന്ന് ഒരു ലക്ഷം രൂപ മാത്രമായിരുന്നു മൂലധനമെന്നും അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് സ്പോൺസറായി രംഗത്തെത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും ആദ്യ സ്ഥാപനം നൽകിയ വിലാസവും തമ്മിൽ സാമ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ടെൻഡർ നടപടികളില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ കണ്ടെത്തിയതിലും വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നതിനായി മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ 2024 സെപ്റ്റംബറിൽ അന്നത്തെ കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവർക്കൊപ്പം ഒരാഴ്ചയോളം സ്പെയിനിൽ പര്യടനം നടത്തിയിരുന്നു.
എന്നാൽ എഎഫ്എയുടെ ക്ഷണപ്രകാരമാണ് യാത്ര നടത്തിയതെന്നതിന് സർക്കാരിന്റെ കൈവശം രേഖകളില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. യാത്രയ്ക്കിടെ മന്ത്രി ആരുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന കാര്യത്തിലും വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനം വലിയ ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും കരാറുകളിലും ഔദ്യോഗിക രേഖകളുടെ അഭാവവും നടപടിക്രമങ്ങളിലെ വീഴ്ചകളും ഇപ്പോൾ വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. അന്വേഷണ റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികളാണ് ഇനി നിർണായകം.




