തിരുവനന്തപുരം: ഏഴുവയസ്സുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശി സുധീർ (46), ഇയാളുടെ രണ്ടാമത്തെ ഭാര്യയും വെള്ളറട സ്വദേശിയുമായ ലിൻഡമോൾ (34) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുദിവസമായി കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ ചാക്ക കാരാളിയിലെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്ഥലത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും വലിയതുറ എസ്.എച്ച്.ഒ. അശോക് കുമാറിനെ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയുടെ ദേഹത്ത് രണ്ടാനമ്മ നുള്ളിയതിന്റെയും മർദിച്ചതിന്റെയും പാടുകൾ കണ്ടെത്തിയിരുന്നു.
കുട്ടിയെ ഉപദ്രവിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവർക്കുമെതിരേ വലിയതുറ പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എസ്.ഐ. ദിനേശ്, എസ്.എസ്.ഐ. ഇസ്മായിൽ, ഷീജ, റെജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




