കാസർഗോഡ്: എൽപി വിദ്യാർഥികൾക്കുള്ള ഫ്രീഡം ക്വിസിൽ ഹിന്ദുത്വ നേതാവ് വിഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലി തയാറാക്കിയ അധ്യാപകനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധവുമായി കെ സുരേന്ദ്രൻ. ഗുരുപ്രസാദിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സുരന്ദ്രേൻ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് വി. ഡി. സവർക്കർ ആണെന്നുള്ളത് ചരിത്രവസ്തുതയാണെന്ന് സുരേന്ദ്രൻ കുറിച്ചു. വീരസവർക്കർ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ദീർഘകാലം അദ്ദേഹം ജയിലിൽ കിടന്നിരുന്നു എന്ന കാര്യവും ആരും നിഷേധിക്കുന്നില്ല. ആകെ അദ്ദേഹത്തിനെതിരെ കോൺഗ്രസും ഇടത് ജിഹാദികളും ഉന്നയിച്ച ആക്ഷേപം അദ്ദേഹം ജയിലിൽ നിന്നിറങ്ങാൻ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു എന്നതു മാത്രമാണ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ അടുത്തകാലത്ത് ഈ വിഷയത്തിൽ പറഞ്ഞത് ജയിൽ പുള്ളികളും ജാമ്യം തേടുന്നവരും സാധാരണ സ്വീകരിക്കുന്ന നടപടിക്രമം മാത്രമാണ് അതെന്നുള്ളതാണ്. എന്തായാലും അദ്ദേഹത്തിനുമേൽ ചാർത്തപ്പെട്ട മാപ്പപേക്ഷ ഇപ്പോഴും തർക്കവിഷയമാണ്. അതെന്തായാലും അദ്ദേഹം ഒരായുസുമുഴുവൻ ജയിലിൽ കിടന്നു എന്നതും കിടന്നത് മോഷണക്കുറ്റത്തിനല്ലെന്നതും ആർക്കും നിഷേധിക്കാനാവാത്ത ചരിത്ര വസ്തുതയാണെന്നും കുറിപ്പിൽ പറയുന്നു.
കെ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ-
ഫ്രീഡം ക്വിസ്സിന്റെ പേരിൽ കാസർഗോഡ് പള്ളത്തടുക്ക എ. യു. പി സ്ക്കൂൾ അദ്ധ്യാപകൻ ഗുരുപ്രസാദിനെ സർവ്വീസിൽ നിന്ന് സസ്പെന്റു ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് വി. ഡി. സവർക്കർ ആണെന്നുള്ളത് ചരിത്രവസ്തുതയാണ്. വീരസവർക്കർ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ദീർഘകാലം അദ്ദേഹം ജയിലിൽ കിടന്നിരുന്നു എന്ന കാര്യവും ആരും നിഷേധിക്കുന്നില്ല. ആകെ അദ്ദേഹത്തിനെതിരെ കോൺഗ്രസ്സും ഇടതു ജിഹാദികളും ഉന്നയിച്ച ഏക ആക്ഷേപം അദ്ദേഹം ജയിലിൽ നിന്നിറങ്ങാൻ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു എന്നതു മാത്രമാണ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ അടുത്തകാലത്ത് ഈ വിഷയത്തിൽ പറഞ്ഞത് ജയിൽ പുള്ളികളും ജാമ്യം തേടുന്നവരും സാധാരണ സ്വീകരിക്കുന്ന നടപടിക്രമം മാത്രമാണ് അതെന്നുള്ളതാണ്.
എന്തായാലും അദ്ദേഹത്തിനുമേൽ ചാർത്തപ്പെട്ട മാപ്പപേക്ഷ ഇപ്പോഴും തർക്കവിഷയമാണ്. അതെന്തായാലും അദ്ദേഹം ഒരായുസ്സുമുഴുവൻ ജയിലിൽ കിടന്നു എന്നതും കിടന്നത് മോഷണക്കുറ്റത്തിനല്ലെന്നതും ആർക്കും നിഷേധിക്കാനാവാത്ത ചരിത്ര വസ്തുതയാണ്. ഗുരുപ്രസാദ് മാസ്റ്ററെ ഈ സർക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല. ഏതു കോടതിയിലും അദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാനാവും. ശമ്പളവും മറ്റാനുകൂല്യങ്ങളും പലിശ സഹിതം അദ്ദേഹത്തിന് കിട്ടും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് അദ്ദേഹത്തിന് എല്ലാ സഹായങ്ങളും ഞങ്ങൾ ചെയ്യും. വോട്ടുബാങ്ക് രാഷ്ട്രീയക്കാർ തോറ്റു തുന്നം പാടും. കാത്തിരുന്ന് കാണാം…





